പത്തനംതിട്ട:റാന്നിയിൽ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽ പെട്ടു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം.
അനിൽ കുമാർ, മകൾ നിരജ്ഞന, അനിലിന്റെ സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഇവർ ഏത് സ്വദേശികളാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഇവർക്കൊപ്പം അനിൽ കുമാറിന്റെ സഹോദരിയും ഉണ്ടായിരുന്നു. അനിലും ഗൗതമുമാണ് നദിയിലേക്ക് ഇറങ്ങിയത്. ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും അനിൽ ഇത് അവഗണിക്കുകയായിരുന്നു. ഉടനെ ഇരുവരും ഒഴുക്കിൽപ്പെട്ടു.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരജ്ഞനയും സഹോദരിയും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ സാരിയെറിഞ്ഞ് സഹോദരിയെ രക്ഷിച്ചു. നിരജ്ഞനയ്ക്ക് സാരി എറിഞ്ഞ് നൽകിയെങ്കിലും കുട്ടി അച്ഛനെ രക്ഷിക്കാൻ ശ്രമം തുടരുകയായിരുന്നു.
ഉടനെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ ആണ് ഗൗതമിനെ രക്ഷിച്ചത്. ഒൻപതാംക്ലാസ് വിദ്യാർത്ഥിയാണ് ഗൗതം. സ്ഥലത്ത് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ എത്തിച്ചേർന്നിട്ടുണ്ട്.
Discussion about this post