മോസ്കോ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് റഷ്യയും ലോകവും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. സംഗീത പരിപാടിക്കിടെ മുഖംമൂടിയണിഞ്ഞ അക്രമികൾ കാണികൾക്ക് നേരെ തുരുതുരെ വെടിവെയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെ സിറ്റി ഹാളിൽ നിരവധി സ്ഫോടനങ്ങളും നടന്നു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ. 60ലധികം പേരുടെ ജീവൻ നഷ്ടമാകാൻ കാരണമായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഖോറാസാൻ ഏറ്റെടുത്തിട്ടുണ്ട്.
കൊടും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് റഷ്യയെ ലക്ഷ്യമിട്ട് ആക്രമണം സംഘടിപ്പിച്ചത് എന്ത് കൊണ്ടായിരിക്കും?
മോസ്കോ ഭീകരാക്രമണത്തിന് വഴിവെച്ച കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപവിഭാഗമായ ഭീകര സംഘടനയാണ് ഐഎസ് ഖോറാസാൻ. കിഴക്കൻ അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച്
2014ലാണ് സംഘടന പ്രവർത്തനം ആരംഭിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ അഫ്ഗാനിസ്ഥാൻ, ഇറാൻ തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ്
ഇവരുടെ ഭീകര പ്രവർത്തനങ്ങൾ. രക്തരൂക്ഷിത ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ വിദഗ്ധരായ ഈ ഗ്രൂപ്പിന്റെ പ്രവർത്തനം 2018ഓടെ ദുർബലപ്പെട്ടിരുന്നു. എന്നാൽ, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ഭരണം തിരിച്ചുവന്നതും, മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യം പിൻമാറിയതും ഐഎസ് ഖോറാസാൻ വീണ്ടും ശക്തിപ്പെടാൻ കാരണമായി.
അഫ്ഗാനിസ്ഥാനിലും അയൽ രാഷ്ട്രങ്ങളിലും നിരവധി ആക്രമണങ്ങൾ നടത്തിയ ഭീകര സംഘടനയാണ് ഐഎസ് ഖോറാസാൻ. അഫ്ഗാനിലെ മുസ്ലിം പള്ളികൾ ലക്ഷ്യമിട്ട് മാത്രം ഈ സംഘടന ഒട്ടേറെ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കാബൂളിലെ റഷ്യൻ എംബസിക്ക് നേരെയുള്ള ആക്രമണവും, അന്താരാഷ്ട്ര വിമാനത്താവളത്തിൽ
നടത്തിയ ആക്രമണവും സംഘടിപ്പിച്ചത്
ഇസ്ലാമിക് സ്റ്റേറ്റ് ഖോറാസാൻ ആയിരുന്നു. കാബൂൾ വിമാനത്താവള ആക്രമണത്തിൽ അമേരിക്കൻ സൈനികർ ഉൾപ്പെടെ അനേകം പേർ കൊല്ലപ്പെട്ടിരുന്നു. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ കെൽപ്പുള്ള ഐഎസ് (കെ) അപ്രതീക്ഷിത ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ വിദഗ്ധരാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഖോറാസാൻ റഷ്യയെ ലക്ഷ്യം വെച്ച് ഭീകരാക്രമണം നടത്തിയതിന് പിന്നിലെ കാരണങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പശ്ചിമേഷ്യയിൽ നടത്തിയ നിർണായക ഇടപെടലുകളാണ് ഐഎസ് ഭീകരരെ പ്രകോപിപ്പിക്കാൻ കാരണം. സിറിയൻ മണ്ണിൽ നിന്ന് ഐഎസ് ഭീകരരെ തുരത്തിയോടിച്ചതിൽ വലിയ പങ്കാണ് റഷ്യയ്ക്കുള്ളത്. ഐഎസ് വിരുദ്ധ പോരാട്ടത്തിൽ സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിന് പുടിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു.
സിറിയയിലെ ഇസ്ലാമിക ഭീകരരെ ഉന്മൂലനം ചെയ്യാൻ വ്ലാദിമിർ പുടിൻ റഷ്യൻ സൈന്യത്തെ അയച്ചിരുന്നു. റഷ്യൻ സൈന്യം ഇറങ്ങിയതിനെ തുടർന്നാണ് ഐഎസ് ഭീകരർ സിറിയയിൽ കനത്ത തിരിച്ചടി നേരിട്ടത്. ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന രാജ്യത്തെ പല പ്രവിശ്യകളും ബാഷർ അൽ അസാദ് ഭരണകൂടം തിരിച്ചു പിടിച്ചത് റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു. ഇതിന് പ്രതികാരമായാണ് ഐഎസിന്റെ അഫ്ഗാൻ വിഭാഗം ഇപ്പോൾ മോസ്കോയിൽ വൻ ആക്രമണം അഴിച്ചുവിട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2022 മുതൽ അയൽ രാജ്യമായ ഉക്രൈനുമായി യുദ്ധത്തിലാണ് റഷ്യ.
ഈ സാഹചര്യത്തിൽ മോസ്കോയിലെ ഐഎസ് ആക്രമണം വ്ലാദിമിർ പുടിന് കൂടുതൽ തലവേദന സൃഷ്ടിക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഖോറാസനെ ലക്ഷ്യമിട്ട് റഷ്യ പ്രത്യാക്രമണങ്ങൾ നടത്തിയാൽ അത് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിവെക്കും. എന്തായാലും, റഷ്യയുടെ അടുത്ത ചുവടുവയ്പ്പിനായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
Discussion about this post