ഹിമാചൽ പ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ വ്യക്തിയാണ് കങ്കണ റണാവത്ത്. അഭിനേത്രിയായിരിക്കെ തന്നെ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ ഉൾപ്പെടെ സ്വന്തം അഭിപ്രായം വെട്ടി തുറന്നു പറയാൻ കങ്കണ മടിക്കാറില്ല. അത് കൊണ്ട് തന്നെ അവർ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കും. കങ്കണയുടെ സ്ഥാനാർത്ഥിത്വം വഴി ഇത്തവണ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നായിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ മണ്ഡി.
ബിജെപി സ്ഥാനാർത്ഥിയായി സ്വന്തം നാടായ മണ്ഡിയിൽ നിന്ന് കങ്കണ ജനവിധി തേടുമ്പോൾ എതിരാളിയായി മത്സരിക്കുന്നത് ചില്ലറക്കാരനല്ല. ആറ് വട്ടം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്റെ മകനും സംസ്ഥാന മന്ത്രിയുമായ വിക്രമാദിത്യ സിംഗാണ് മണ്ഡിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. നിലവിലെ പിസിസി പ്രസിഡന്റ് പ്രതിഭ സിംഗാണ് വിക്രമാദിത്യയുടെ അമ്മ. വിക്രമാദിത്യ സിംഗിന്റെ അച്ഛനും അമ്മയും മൂന്ന് തവണ വീതം ജയിച്ച ലോക്സഭാ സീറ്റാണ് മണ്ഡി.
37കാരിയായ കങ്കണ റണാവത്തും 34കാരനായ വിക്രമാദിത്യ സിംഗും നേർക്കുനേർ വന്നതോടെ യുവത്വത്തിന്റെ വാശിയേറിയ പോരാട്ടത്തിനാണ് മണ്ഡി സാക്ഷ്യം വഹിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടന്നതിനാൽ പ്രചാരണ രംഗത്ത് ഏറെ മുന്നേറാൻ കങ്കണ റണാവത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ മിന്നും താരത്തിന്റെ മേലങ്കി അഴിച്ചുവെച്ച് തനി സാധാരണക്കാരിയായാണ് കങ്കണയുടെ പ്രചാരണം.
2014ലും 2019ലും ബിജെപി സ്ഥാനാർത്ഥി രാംസ്വരൂപ് ശർമ്മയാണ് മണ്ഡിയിൽ നിന്ന് ജയിച്ചത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബിജെപി മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്. എന്നാൽ, രാംസ്വരൂപ് അന്തരിച്ചതിനെ തുടർന്ന് 2021ൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. വിക്രമാദിത്യ സിംഗിന്റെ അമ്മയും കോൺഗ്രസ് നേതാവുമായ പ്രതിഭ സിംഗ് ചെറിയ ഭൂരിപക്ഷത്തിനാണ് 2021ൽ ജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ കുശാൽ ടാക്കൂറിനെ 8,766 വോട്ടുകൾക്കാണ് പ്രതിഭ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഹിമാചൽ പ്രദേശിലെ ആകെയുള്ള 4 മണ്ഡലങ്ങളിൽ നാലിലും ബിജെപി ജയം സ്വന്തമാക്കിയിരുന്നു. ഇത്തവണയും സമ്പൂർണ്ണ വിജയമാണ് സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത്. ഹിമാചലിലെ നാല് ലോക്സഭാ സീറ്റുകളിൽ കടുത്ത മത്സരം നടക്കുന്നത് മണ്ഡിയിലാണ്. ബാക്കി 3 മണ്ഡലങ്ങളിലും ബിജെപിക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് വിവിധ അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ അടക്കം കോൺഗ്രസ് പാർട്ടിയെയും ഉദ്ധവ് താക്കറെയുടെ ശിവസേനയെയും വിമർശിക്കുന്ന കങ്കണ റണാവത്തിന്റെ സ്ഥാനാർത്ഥിത്വം ഇൻഡി സഖ്യത്തിലെ പല നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേത് സോഷ്യൽ മീഡിയയിൽ നടിയെ അപമാനിച്ച് പോസ്റ്റിട്ടത് രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സംഭവം കോൺഗ്രസിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പിച്ച ജനപ്രീതിയും കേന്ദ്ര പദ്ധതികളുടെ പിൻബലവും മണ്ഡിയിൽ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് കങ്കണ പ്രതീക്ഷിക്കുന്നത്. വെള്ളിത്തിരയിൽ ജാൻസി റാണിയായി വേഷമിട്ട ദേശീയ അവാർഡ് ജേതാവായ അഭിനേത്രിക്ക് മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കങ്കണയുടെ പ്രചാരണ പരിപാടികളിലെ വൻ ജനപങ്കാളിത്തം ബിജെപി ക്യാമ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്.
ഹിമാചൽ പ്രദേശിലെ ബുഷാഹർ രാജകുടുംബാംഗമായ വിക്രമാദിത്യ സിംഗ് അച്ഛൻ വീരഭദ്ര സിംഗ് മരിച്ചതിനെ തുടർന്ന് ആചാരപരമായി അടുത്ത രാജാവായി സ്ഥാനമേറ്റിരുന്നു. രാജഭരണമല്ലെങ്കിലും ബുഷാഹർ രാജകുടുംബത്തിന് ഇപ്പോഴും മണ്ഡി മണ്ഡലത്തിലുള്ള സ്വാധീനം ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ഗുണം ചെയ്യുമെന്നാണ് വിക്രമാദിത്യ കണക്കുകൂട്ടുന്നത്.
എന്നാൽ, ഹിമാചൽ കോൺഗ്രസിലെ ഭിന്നതകളും വിമത പ്രവർത്തനങ്ങളും മണ്ഡിയിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഹിമാചൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സുഖ് വീന്ദർ സിംഗ് സുകുവിനെ മാറ്റണമെന്ന ആവശ്യവുമായി മാസങ്ങൾക്ക് മുൻപ് പരസ്യമായി പടയൊരുക്കം നടത്തിയവരാണ് പ്രതിഭ സിംഗും മകൻ വിക്രമാദിത്യയും. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡിയിൽ വിക്രമാദിത്യ സിംഗ് കങ്കണയോട് പരാജയപ്പെട്ടാൽ ഹൈക്കമാൻഡ് ഇടപെട്ട് താൽക്കാലികമായ അടിച്ചമർത്തിയ കോൺഗ്രസിലെ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുമെന്ന് ഉറപ്പാണ്.
ഹിമാലയൻ പർവ്വതനിരകളാൽ അനുഗ്രഹീതമായ ഹിമാചൽ പ്രദേശ്, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. കംഗ്ര, മണ്ഡി, ഹാമിർപൂർ, ഷിംല എന്നിവയാണ് സംസ്ഥാനത്തെ നാല് ലോക്സഭാ മണ്ഡലങ്ങൾ. സിറ്റിംഗ് എംപിയും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ടാക്കൂർ ഇത്തവണയും ഹാമിർപൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
Discussion about this post