ഇന്ത്യക്കാരിൽ പലരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഡെസ്റ്റിനേഷനാണ് തായ്ലാൻഡ്. തായ്ലാൻഡ് ഇന്ത്യക്കാരുടെ ഇഷ്ട കേന്ദ്രമാകാൻ നിരവധി കാരണങ്ങളുണ്ട്. വിലകൊണ്ട് നമുക്ക് താങ്ങാനാവുന്നതും എന്നാൽ, രുചികരവുമായ ഭക്ഷണം, താമസസൗകര്യം, അടിപൊളി നൈറ്റ് ലൈഫ്, മനോഹരമായ ഭൂപ്രകൃതി… അങ്ങനെ നിരവധി കാര്യങ്ങൾ വിനോദസഞ്ചാരികളെ തായ്ലാൻഡിലേക്ക് ആകർഷിക്കുന്നുണ്ട്. ഈ സ്വർഗത്തിലെത്താൻ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നും വെറും നാല് മണിക്കൂറിന്റെ പറക്കൽ മാത്രമേ ഉള്ളൂ എന്നതാണ് എറ്റവും പ്രധാനപ്പെട്ട കാര്യം.
ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ തായ്ലാൻഡ് ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസയിളവ് തായ്ലാൻഡ് സർക്കാർ വീണ്ടും നീട്ടിയിരിക്കുകയാണ്. 2024 നവംബർ 11 വരെയാണ് വിസകാലാവധി നീട്ടിയിരിക്കുന്നത്. എക്സിലൂടെയാണ് തായ് എംബസി ഇക്കാര്യം അറിയിച്ചത്. വിസ ഫ്രീ പോളിസി കൊണ്ടുവന്നതിന് ശേഷം തായ്ലാൻഡിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ കുത്തനെയുള്ള ഒഴുക്കിനെ തുടർന്നാണ് തായ് സർക്കാർ വീണ്ടും വിസയിളവ് നീട്ടിയിരിക്കുന്നത്.
2022 നവംബർ മുതൽ 2023 ഏപ്രിൽ വരെ ഏഴര ലക്ഷത്തോളം ഇന്ത്യൻ വിനോദസഞ്ചാരികളാണ് തായലാൻഡിൽ എത്തിയതെങ്കിൽ 2023-24 കാലയളവിൽ ഇന്ത്യയിൽ നിന്നും പത്ത് ലക്ഷത്തിനടുത്ത് ആളുകളാണ് തായ്ലാൻഡിൽ എത്തിയത്. നേരത്തെ ശ്രീലങ്കയും ഇന്ത്യക്കാർക്കായി സൗജന്യ വിസ പോളിസി കൊണ്ടു വന്ന് ലങ്കയിലേക്കുള്ള യാത്ര സുഗമമാക്കിയിരുന്നു.
Discussion about this post