ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങൾ കൊൽക്കത്തയിലുണ്ട്. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രം ലോകപ്രശസ്തമാണ്. എന്നാൽ കൊൽക്കത്തയിലെ താംഗ്രയിൽ സ്ഥിതിചെയ്യുന്ന കാളിക്ഷേത്രത്തെക്കുറിച്ച് അധികമാർക്കും വലിയ അറിവില്ല. കൊൽക്കത്തയിലെ താംഗ്രയിലെ മാതേശ്വർത്തല റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ ഒരു കാളിക്ഷേത്രമാണിതെങ്കിലും വളരെ നിഗൂഢമായ ആചാര പദ്ധതികളാണ് ഇവിടെ നിലവിലുള്ളതെന്നാണ് കേട്ടുകേൾവി.
ചൈനീസ് മാതൃകയിലാണ് താംഗ്രയിലെ ഈ കാളിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഒരു പ്രത്യേക സ്ഥലമാണ് താംഗ്ര. അതുകൊണ്ടുതന്നെ താംഗ്രയിലെ കാളി ക്ഷേത്രം ചൈനീസ് കാളിക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്.
ക്ഷേത്രത്തിൻറെ ശ്രീകോവിലിൽ കാളിയുടെയും ശിവൻറെയും പ്രതിഷ്ഠകളാണ്. എല്ലാ ദിവസവും ഇവിടെ പൂജയും പ്രാർത്ഥനകളും നടക്കാറുണ്ട്. എന്നാൽ ദേവിക്ക് പ്രസാദമായി നൽകുന്ന ഭക്ഷണമാണ് ഈ ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത്. സാധാരണ വഴിപാടുകൾ കൂടാതെ പൂക്കൾ, നൂഡിൽസ്, മോമോസ് തുടങ്ങി മറ്റ് ചൈനീസ് വിഭവങ്ങളും ഇവിടെ വിശുദ്ധ വഴിപാടുകളായി ദേവിക്ക് സമർപ്പിക്കുന്നു.
ക്ഷേത്രം എങ്ങനെ ഉണ്ടായി എന്നതിനും അത്ഭുതകരമായ ചരിത്രമുണ്ട്. വളരെക്കാലം മുമ്പ് ഒരു വലിയ മരത്തിന് സമീപം രണ്ട് കല്ലുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ആളുകൾ കുങ്കുമം അർപ്പിട്ട് ദിവസവും ഇവിടെ പ്രാർത്ഥിക്കും. ഒരു ചൈനീസ് പയ്യന് അസുഖം ബാധിച്ച് മരുന്നുകളൊന്നും ഫലിക്കാതെ വന്ന ഒരു നാൾ. മകൻറെ അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് ആശങ്കാകുലരായ മാതാപിതാക്കൾ ആ കല്ലുകളിൽ കുങ്കുമമർപ്പിച്ച് കാളി ദേവിയെ പ്രാർത്ഥിച്ചു. ഇതോടെ ആ കുഞ്ഞിൻറെ അസുഖം ഭേദമായെന്നും അവൻ സന്തോഷകരമായ ജീവിതത്തിലേക്ക് തിരികെ നടന്നെന്നും പറയപ്പെടുന്നു.
ഈ അത്ഭുതം സംഭവിച്ചതിനെ തുടർന്ന് കുട്ടിയുടെ കുടുംബം ആ സ്ഥലത്ത് ഒരു ക്ഷേത്രം പണിതു. ക്ഷേത്രം പണിയുന്നതിനും ചൈനക്കാരും സംഭാവനകൾ നൽകിയിരുന്നു. ആത്യന്തികമായി, രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യത്തിൻറെ പ്രതീകയമായി ഈ ക്ഷേത്രം അഭിമാനത്തോടെ ഇന്നും അവിടെ സ്ഥിതി ചെയ്യുന്നു.
ശനിയാഴ്ചകളിലാണ് ക്ഷേത്രത്തിൽ ദേവിപ്രീതിക്കായി പ്രത്യേക പൂജകൾ നടക്കുന്നത്. ദീപാവലി സമയത്ത് മറ്റ് കാളി ക്ഷേത്രങ്ങളിലേതുപോലെ തന്നെ ഇവിടെയും വലിയ ആഘോഷങ്ങൾ നടക്കുന്നു. എന്നാൽ ദീപാവലി നാളിലും ഇവിടെ ചില പ്രത്യേകതകളുണ്ട്. മറ്റ് ക്ഷേത്രങ്ങളില്ലാം വിളക്കുകളും ചിരാതുകളും തെളിയുമ്പോൾ ഇവിടെ പ്രത്യേക ഗന്ധമുള്ള ധൂപവും പേപ്പറുമാണ് കത്തിക്കുന്നത്. ദുരാത്മാക്കളെ അകറ്റാനായി നടത്തുന്ന ആചാരമായാണ് ഇത് അറിയപ്പെടുന്നത്.
ദേവിയെ പ്രാർത്ഥിക്കുന്ന രീതിയ്ക്കും ഇവിടെ പ്രത്യേകതയുണ്ടെന്ന് പറയപ്പെടുന്നു. വിഗ്രത്തിന് മുൻപിൽ തൊഴുതു നിൽക്കുന്ന രീതി ഇവിടെ വളരെ വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ. ദേവിയോടുള്ള ആദരവ് കാണിക്കുന്നതിന് താംഗ്രനിവാസികൾക്ക് അവരുടേതായ രീതിയുണ്ട്.
Discussion about this post