ശ്രീനഗർ :ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശിച്ച് അമിത് ഷാ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തീവ്രവാദ അനുകൂലികൾക്കെതിരെ കർശന നടപടിയെടുക്കാനും വരാനിരിക്കുന്ന അമർനാഥ് തീർത്ഥാടന യാത്രയ്ക്ക് സമഗ്രമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ അമിത് ഷാ നിർദേശിച്ചു.
കശ്മീരിൽ തീവ്രവാദത്തിന്റെ വേരറക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മുവിൽ ഉയർന്നുവരുന്ന തീവ്രവാദത്തിനെതിരെ ശക്തമായി എതിർക്കാനും എന്ത് വിലകൊടുത്തും അതിനെ തടയാനും ഉന്നത സുരക്ഷ ഉദ്യോഗസ്ഥർക്ക് അമിത്ഷാ നിർദ്ദേശം നൽകി. ഹൈവേകളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കണമെന്നും ജമ്മുകശ്മീരിലെ സജീവ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി,കരസേന പോലീസ്, ജമ്മുകശ്മീർ ഭരണകൂടം ആഭ്യന്തരമന്ത്രാലയം എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Discussion about this post