ഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചക്ക് ശേഷം ഇരു രാജ്യങ്ങളും സൈനികേതര ആണവ കരാറിലടക്കം നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ചര്‍ച്ചക്കു ശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യത്തൊഴിലാളികളുടെ വിഷയവും ഉടന്‍ ചര്‍ച്ച ചെയ്യും.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സിരിസേന ഇന്ത്യയിലെത്തിയത് പ്രസിഡന്റായി ചുമതലയേറ്റ ശേഷം സിരിസേന നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയാണിത്. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ സിരിസേനയെ കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കല്‍, ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തല്‍ തുടങ്ങി ദക്ഷിണേഷ്യയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ അടിത്തറപാകും.
ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ സിരിസേനയ്ക്ക് ഔദ്യോഗിക സ്വീകരണം നല്കി. രാജ്ഘട്ടിലേക്ക് പോയ സിരിസേന ഗാന്ധിജിയുടെ സമാധിസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി.
വൈകിട്ട് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സിരിസേനയ്ക്ക് പ്രത്യേക വിരുന്ന് നല്‍കും. വിരുന്നില്‍ പ്രധാനമന്ത്രി അടക്കമുള്ളവരും പങ്കെടുക്കും. നാളെ ബീഹാറിലെ ബോധ്ഗയയിലും ആന്ധ്രാപ്രദേശിലും തിരുപ്പതി ക്ഷേത്രത്തിലും സിരിസേന സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ബുധനാഴ്ച് ശ്രീലങ്കയിലേക്ക് മടങ്ങും.
Discussion about this post