കൊളംബോ : 2024 വനിതാ ഏഷ്യ കപ്പിൽ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെൺപുലികൾ. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമായതോടെ സെമിഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഞായറാഴ്ച ശ്രീലങ്കയിലെ ദാംബുള്ളയിൽ നടന്ന മത്സരത്തിൽ യുഎഇക്കെതിരായാണ് ഇന്ത്യ വിജയം കൈവരിച്ചത്.
വനിതാ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്തശേഷമാണ് ഞായറാഴ്ച ഇന്ത്യ യുഎഇക്കെതിരായ മത്സരത്തിന് ഇറങ്ങിയിരുന്നത്. 78 റൺസിന്റെ വൻവിജയമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. 202 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇയെ 123ൽ ഒതുക്കിയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ വൻ വിജയം സ്വന്തമാക്കിയിട്ടുള്ളത്.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 66 റൺസും ടീമിലെ യുവതാരം വിക്കറ്റ് കീപ്പർ ബാറ്ററായ റിച്ച ഘോഷ് 64 റൺസും നേടി. ഷഫാലി വർമ 18 പന്തിൽ 37 റൺസും ജെമിമ റോഡ്രിഗസ് 14 റൺസും ഇന്ത്യക്കായി നേടി. ദീപ്തി ശർമ നേടിയ രണ്ട് വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി.
യുഎഇയുടെ ടൂർണമെന്റിലെ രണ്ടാം തോൽവിയാണിത്. ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനോട് യുഎഇ പരാജയപ്പെട്ടിരുന്നു. നിലവിൽ ഗ്രൂപ്പ് എയിലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് യുഎഇ വനിതാ ടീം.
Discussion about this post