നിർമ്മല കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് നിസ്കാരത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയും എംഎസ്എഫും നടത്തുന്ന പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. നിസ്കാരമുറി ആവശ്യം ഉയർത്തിക്കൊണ്ട് മൂവാറ്റുപുഴ നിർമ്മല കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ ജസ്റ്റിൻ കുര്യാക്കോസിനെ എസ്എഫ്ഐയും എംഎസ്എഫും തടഞ്ഞുവെച്ച വിഷയത്തിൽ കൃത്യമായ നിലപാട് രേഖാമൂലം നൽകിയിരിക്കുകയാണ് കത്തോലിക്ക കോൺഗ്രസ്.
സഭയുടെ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് നിസ്കരിക്കാനുള്ള സൗകര്യം ചെയ്തു നൽകാൻ ആവില്ല എന്ന് കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ നിർമ്മല കോളേജിന് സമീപത്ത് തന്നെയുള്ള മോസ്കിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നിസ്കരിക്കണമെങ്കിൽ അനുവാദം നൽകാം. എന്നാൽ മോസ്കിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്ന് പറഞ്ഞാണ് പെൺകുട്ടികൾക്ക് നിസ്കരിക്കാനുള്ള സൗകര്യം മാനേജ്മെന്റ് ഒരുക്കി കൊടുക്കണം എന്ന് ചിലയിടങ്ങളിൽ നിന്നും ആവശ്യമുയരുന്നത്. മോസ്കുകളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്തതിന് സഭയുടെ സ്ഥാപനങ്ങളിൽ സൗകര്യം ചെയ്തു കൊടുക്കണം എന്ന നിർബന്ധ ബുദ്ധി ആർക്കും വേണ്ട എന്നും കാത്തലിക് കോൺഗ്രസ് നിലപാട് വ്യക്തമാക്കി.
കോളേജിന്റെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്താൻ ഒരു വിഭാഗം വിദ്യാർത്ഥികൾ ശ്രമിച്ചതിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ചില മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളും ഇതിന് കൂട്ടുനിന്നു എന്നുള്ളതിനെ ശക്തമായി അപലപിക്കുന്നു. ക്യാമ്പസുകളിൽ വിഭാഗീയത വളർത്തുന്ന ഇത്തരം ശ്രമങ്ങളെ വേരോടെ പിഴുതെറിയണം എന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി.
കലാലയങ്ങളിൽ പെൺകുട്ടികൾക്ക് നിസ്കാരത്തിനു മുറി വേണം എന്ന് നിർബന്ധം പിടിക്കാതെ മോസ്കുകളിൽ പെൺകുട്ടികൾക്ക് കൂടി നിസ്കരിക്കുന്നതിന് സൗകര്യം ലഭ്യമാക്കാനും അനുവദിക്കാനും മുസ്ലിം ആത്മീയ നേതാക്കൾ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം എന്നും കത്തോലിക്കാ കോൺഗ്രസ് അറിയിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണഘടന പ്രകാരം ക്രൈസ്തവ സംസ്കാരം സംരക്ഷിക്കാൻ കൂടി ഉള്ള ഇടമാണ്. അത് അലങ്കോലപ്പെടുത്താൻ അനുവദിക്കില്ല എന്നും കത്തോലിക്ക കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Discussion about this post