എറണാകുളം: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ കാറുകൊണ്ടുള്ള യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംജി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മദ്യലഹരിയിൽ യുവാക്കൾ കാറിൽ അഭ്യാസ പ്രകടനം നടത്തിയത്.
കൊല്ലം സ്വദേശികളാണ് പിടിയിലായത്. കൊല്ലത്ത് നിന്നും കാറിൽ കോഴിക്കോട്ടേയ്ക്ക് അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ. ഇതിനിടെയാണ് മദ്യലഹരിയിൽ എംജി റോഡിലൂടെ കാറിൽ അഭ്യാസ പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സംഭവ സമയം അവിടെയുണ്ടായിരുന്നവർ പകർത്തി പോലീസിന് നൽകി. ഇത് കണ്ട പോലീസ് മാധവ ഫാർമസി ജംഗ്ഷനിൽവച്ച് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എറണാകുളത്ത് നിന്നാണ് മൂന്നംഗ സംഘം മദ്യപിച്ചത്. അഭിമുഖ പരീക്ഷയെക്കുറിച്ച് ഓർത്തപ്പോൾ ടെൻഷൻ ആയി എന്നും ഇത് മാറ്റാനാണ് മദ്യപിച്ചത് എന്നുമാണ് സംഭവത്തിൽ യുവാക്കൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. വാഹനം ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം.
Discussion about this post