ഹരാരെ: ദക്ഷിണആഫ്രിക്കയിലെ മൃഗശാലയിൽ പാർപ്പിച്ചിരുന്ന അവസാനത്തെ ആനയെയും കാട്ടിൽ തുറന്നുവിട്ടു. ചാർളിയെന്ന ആനയെ ആണ് തുറന്നുവിട്ടത്. നാല് ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആനയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ആനയുടെ ആരോഗ്യനില പരിഗണിച്ച് പുറത്തുവിടണമെന്ന മൃഗസംരക്ഷണ ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
രണ്ട് വയസ് പ്രായമുള്ളപ്പോൾ 1984 ൽ സിംബാബ്വെയിലെ ഹ്വാംഗെയിൽ നിന്നാണ് ചാർളി പിടിയിലാവുന്നത്. സിംബാബ്വെയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ബോസ്വെൽ വിൽകീ സർക്കസിലേക്ക് എത്തിച്ച ചാർളിയെ വിവിധ വിദ്യകൾ പരിശീലിപ്പിച്ച് പ്രകടനങ്ങൾ നടത്തി. 2000ത്തോടെയാണ് ദക്ഷിണാഫ്രിക്കയിലെ മൃഗശാലയിലേക്ക് ചാർളിയെത്തുന്നത്. ലിംപോപോ പ്രവിശ്യയിലെ ശംഭാളയിലെ സംരക്ഷിത വനത്തിലാണ് ചാർളി എത്തുന്നത്.
ആദ്യം ആനയെ പുറത്തുവിടണമെന്ന ആവശ്യം മൃഗശാല അധികൃതർ നിരാകരിച്ചിരുന്നു. ഏറെക്കാലം കൂട്ടിലും സർക്കസിലുമായി ജീവിച്ചിരുന്ന ആനയ്ക്ക് കാട്ടിൽ തനിച്ചുള്ള ജീവിതം ദുഷ്കരമാകുമെന്നായിരുന്നു മൃഗശാല അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ മൃഗശാലകളിൽ മൃഗങ്ങൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് ശാസ്ത്രീയമായ തെളിവുകൾ അടക്കം നിരത്തിയായിരുന്നു മൃഗസംരക്ഷകർ ആനയ്ക്കായി സംസാരിച്ചത്.
ആയിരം ഹെക്ടർ റിസർവ് വനത്തിലേക്കാണ് ചാർളിയെ തുറന്ന് വിട്ടിരിക്കുന്നത്. നിരവധി ആനകളും മറ്റു മൃഗങ്ങളുമാണ് ഈ റിസർവ് വനത്തിലുള്ളത്. ചാർളിയ്ക്ക് കുറച്ച് കാലത്തേക്ക് തുടർച്ചയായുള്ള നിരീക്ഷണം വനംവകുപ്പ് ഉറപ്പാക്കും. കാടുമായി പൂർണമായി ഇണങ്ങുന്നത് വരെ ചാർളിയെ നിരീക്ഷിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.
Discussion about this post