ന്യൂഡൽഹി : ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) സംഘടിപ്പിക്കുന്ന ഭരണതലവൻമാരുടെ യോഗത്തിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാകിസ്താൻ. ഇസ്ലാമാബാദിൽ നടക്കുന്ന യോഗത്തിലേക്കാണ് പാകിസ്താന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഒക്ടോബർ 15 16 തീയതികളിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ചില രാജ്യങ്ങൾ എസ്സിഒ മീറ്റിംഗിൽ തങ്ങളുടെ പങ്കാളിത്തം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ല. ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഷാങ്ഹായ് യോഗത്തിൽ പാകിസ്ഥാനെ ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വീഡിയോ ലിങ്ക് വഴി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.
ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് 2001-ൽ സ്ഥാപിതമായ ഒരു അന്തർ സർക്കാർ സ്ഥാപനമാണ് SCO. 2017 ൽ ഇത് ഇന്ത്യയെയും പാകിസ്താനെയും ഉൾപ്പെടുത്തി വികസിപ്പിച്ചു. 2023-ൽ ഇറാനെ ഒരു അംഗമായി ചേർക്കുകയും ചെയ്തു. മൊത്തം അംഗരാജ്യങ്ങളുടെ എണ്ണം ഒമ്പതായി. അംഗരാജ്യങ്ങൾക്കിടയിൽ സഹകരണവും സമാധാനവും വളർത്തുക എന്നതാണ് എസ്സിഒയുടെ ലക്ഷ്യം.
Discussion about this post