ന്യൂഡൽഹി: ജോർജിയയിലെ ഹൈസ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ പ്രതിയായ 14 കാരൻ അറസ്റ്റിൽ. അപലാചീ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ കോൾട്ട് ഗ്രേ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസ് എടുത്തു. ബുധനാഴ്ചയായിരുന്നു സ്കൂളിൽ ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
സംഭവത്തിന് തൊട്ട് പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ഇതോടെയാണ് 14 കാരൻ പിടിയിൽ ആയത്. കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ വർഷം മുതൽ കോൾട്ട് േ്രഗ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് കോൾട്ട് ഗ്രേ സ്കൂളിന് ഭീഷണി സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്കൂളിൽ എത്തുകയും കോൾട്ടിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രായം പരിഗണിച്ച് കസ്റ്റഡിയിൽ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ലെന്നാണ് വിവരം. തോക്കുകളുടെ ചിത്രം സഹിതം ഓൺലൈൻ പങ്കുവച്ചുകൊണ്ടായിരുന്നു കുട്ടി സ്കളിനെതിരെ ഭീഷണി മുഴക്കിയത്.
ബുധനാഴ്ച രാവിലെ 10.20 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. തോക്കുമായി സ്കൂളിൽ എത്തിയ കുട്ടി വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അദ്ധ്യാപകർക്ക് നേരെയും ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപരും ആണ് കൊല്ലപ്പെട്ടത്. 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 1900 വിദ്യാർത്ഥികളാണ് സംഭവ സമയം സ്കൂളിൽ ഉണ്ടായത്.
Discussion about this post