ന്യൂഡൽഹി:യുക്രെയ്ൻ -റഷ്യ സമാധാന ഉടമ്പടി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും കഴിഞ്ഞ രണ്ടരവർഷമായി കടന്നുപോകുന്ന സംഘർഷത്തിന് മദ്ധ്യസ്ഥത വഹിക്കാൻ ഇന്ത്യയ്ക്കാവുമെന്ന പ്രതീക്ഷയിലാണ് നീക്കങ്ങൾ. അജിത് ഡോവൽ എന്നാണ് റഷ്യ സന്ദർശിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന്, അന്ന് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റിൽ യുക്രെയ്ൻ സന്ദർശിച്ച മോദി, പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനപരിപാലനത്തിനായി കൂടെയുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുടിനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഈ സംഭാഷണത്തിൽ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ സമാധാന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതികൾ ചർച്ച ചെയ്യാൻ മോസ്കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം.
സംഘർഷവുമായി ബന്ധപ്പെട്ട് റഷ്യയുമായി ബന്ധപ്പെട്ട മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും പ്രസിഡന്റ് പുടിൻ ഉൾപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ സുഹൃത്തുക്കളെയും പങ്കാളികളെയും ഞങ്ങൾ ബഹുമാനിക്കുന്നു, അവർ ഈ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു, പ്രാഥമികമായി ചൈന, ബ്രസീൽ, ഇന്ത്യ. ഈ വിഷയത്തിൽ ഞാൻ ഞങ്ങളുടെ സഹപ്രവർത്തകരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുവെന്ന്’ പുടിൻ പറഞ്ഞിരുന്നു.
യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കണ്ടെത്തുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നാണ് മറ്റ് ലോക നേതാക്കളുടെയും അഭിപ്രായം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്തി. ‘സംഘർഷം പരിഹരിക്കുന്നതിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും പങ്കവഹിക്കാനാവും യുക്രെയ്ൻെ അതിന്റെ വിധിയിലേക്ക് കൈവിട്ടുകൊണ്ട് സംഘർഷം പരിഹരിക്കാമെന്ന് കരുതരുതെന്ന് അവർ പറഞ്ഞിരുന്നു.
റഷ്യ-യുക്രെയ്ൻ സംഘർഷം ലോകത്തെ വിഭജിക്കുകയും മിക്ക ആഗോള ശക്തികളും പക്ഷം പിടിക്കുകയും ചെയ്തു. എന്നിരുന്നാലും, ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യ നിരന്തരം സമാധാനത്തിന് ആഹ്വാനം ചെയ്തു.
Discussion about this post