ന്യൂയോർക്ക്: അമേരിക്കയിൽ ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടത് ആളുകളിൽ പരിഭ്രാന്തി പടർത്തി. ഡെൻവറിൽ കഴിഞ്ഞ ദിവസം ആയിരുന്നു ബലൂണിന് സമാനമായ വസ്തു എത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ അന്യഗ്രഹ ജീവികൾ എത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും ആരംഭിച്ചു.
ഒരു പ്രാദേശിക മാദ്ധ്യമം ആണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത്. ഇതോടെയാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്. നിലവിൽ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ചില മിഥ്യാധാരണകൾ ജനങ്ങളിൽ ഉണ്ട്. ഇതാണ് പരിഭ്രാന്തിയ്ക്ക് കാരണം ആയത്. അന്യഗ്രഹ ജീവികളാണ് ഇതിൽ എത്തിയതെന്ന് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചൈനയുടെ ചാര ബലൂൺ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സമാനമായ രീതിയിൽ ചൈനയുടെ ചാര ബലൂണാണ് വന്നത് എന്നും ആളുകൾ പ്രചരിപ്പിച്ചു. ഊഹാപോഹങ്ങളെ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞതോടെ സത്യാവസ്ഥ വ്യക്തമാക്കി ബഹിരാകാശ ഗവേഷണ കമ്പനിയായ ദി ഹിൽ രംഗത്ത് എത്തി.
സോളാർ റേഡിയേഷനെക്കുറിച്ച് പഠിക്കാനായി തങ്ങൾ വിക്ഷേപിച്ച ബലൂണാണ് ഇതെന്നാണ് കമ്പനി പറയുന്നത്. നാസയുടെ പേ ലോഡുകൾ വഹിക്കുന്ന ഈ ബലൂൺ കഴിഞ്ഞ മാസം 30 നാണ് വിക്ഷേപിച്ചതെന്നും കമ്പനി വ്യക്തമാക്കി.
Discussion about this post