ചെന്നൈ : ചെന്നൈ മറീന ബീച്ചിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ അക്ഷരാർത്ഥത്തിൽ ആകാശ വിസ്മയം ആയി മാറി. ഒക്ടോബർ 8 ന് നടക്കാനിരിക്കുന്ന 92-ാമത് വ്യോമസേനാ ദിനത്തിന് മുന്നോടിയായി ആണ് ഇന്ത്യൻ എയർഫോഴ്സ് ഒക്ടോബർ 6ന് ചെന്നൈയിലെ മറീന ബീച്ചിൽ എയർ ഷോ സംഘടിപ്പിച്ചത്. വ്യോമസേനയുടെ താംബരം യൂണിറ്റിൻ്റെ ഏകോപനത്തിൽ വെള്ളിയാഴ്ച നടന്ന എയർഷോയിൽ ഐഎഎഫ് ഫുൾ ഡ്രസ് റിഹേഴ്സലും ശ്രദ്ധേയമായി.
അതിസാഹസികമായ പ്രകടനങ്ങൾ കൊണ്ട് ആകാശ വിസ്മയം തീർത്ത വ്യോമസേന എയർ ഷോയിൽ യുദ്ധവിമാനങ്ങളായ സുഖോയ് സു-30എംകെഐയും സാരംഗും ആണ് താരങ്ങളായി മാറിയത്. 21വർഷത്തിന് ശേഷം ചെന്നൈയിൽ നടക്കുന്ന ഷോയിൽ ഗരുഡ് കമാൻഡോകളുടെ ശക്തിപ്രകടനവും ശ്രദ്ധേയമായി.
മൂന്നാം തവണയാണ് ഇന്ത്യൻ വ്യോമസേന ദേശീയ തലസ്ഥാനത്തിന് പുറത്ത് എയർഷോ നടത്തുന്നത്. മറീന ബീച്ചിലെ ലൈറ്റ് ഹൗസിനും ചെന്നൈ തുറമുഖത്തിനും ഇടയിലുള്ള പ്രദേശത്താണ് എയർ ഷോ നടന്നത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സംസ്ഥാന മന്ത്രിമാർ, ചെന്നൈ മേയർ ആർ പ്രിയ എന്നിവരടക്കം നിരവധി പ്രമുഖർ വ്യോമസേന കരുത്തുറ്റ പ്രകടനം കാഴ്ചവച്ച ചടങ്ങിൽ പങ്കെടുത്തു.
Discussion about this post