ഇന്ത്യയുടെ ജനപ്രിയവ്യവസായി രത്തൻടാറ്റ വിടവാങ്ങിയിരിക്കുകയാണ്.ഭക്ഷണം,വസ്ത്രം,പാർപ്പിടം, വാഹനം,മേയ്ക്കപ്പ്,രാസവസ്തു, അങ്ങനെ ഒരു മനുഷ്യജീവിതത്തിൽ എന്തല്ലാമാണോ ഒരാൾക്ക് വേണ്ടത് അവിടെയെല്ലാം ടാറ്റയെന്ന ബ്രാൻഡുണ്ടായിരുന്നു. എല്ലാം ജനത്തിന് ഏറെ വിശ്വാസ്യതയുള്ള കമ്പനികൾ. തൊട്ടതെല്ലാം പൊന്നാക്കിയാണ് രത്തൻടാറ്റ വളർന്നതും കൂടെ ഉള്ളവരെ വളർത്തിയതും. അതുകൊണ്ട് തന്നെയാണ് ടാറ്റയെന്നാൽ രത്തൻടാറ്റയെന്ന് സാധാരണജനങ്ങൾ പോലും പറയുന്നത്.
അവിവാഹിതനായ 86 കാരനായ രത്തൻടാറ്റയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടത്തും. ഭൗതികശരീരം വിലാപയാത്രയായി നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർസിൽ എത്തിച്ചിരിക്കുകയാണ്. നാലുണിവരെ ഇവിടെ പൊതുദർശനത്തിന് വച്ച ശേഷം പിന്നീട് വോർളിയിലെ പാഴ്സി ശ്മശാനത്തിൽ എത്തിക്കും. ഇവിടെ 45 മിനിറ്റോളം പ്രാർത്ഥന നടത്തിയ ശേഷമാണ് സംസ്കാരം നടക്കുക.
രത്തൻടാറ്റ പാഴ്സി വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ തന്നെ അദ്ദേഹത്തിന്റെ അന്ത്യ കർമ്മങ്ങൾ എങ്ങനെയായിരിക്കുമെന്ന് പലർക്കും കൗതുകമുണ്ട്. കാരണം പാഴ്സികൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യില്ല. മനുഷ്യശരീരത്തെ പ്രകൃതിയുടെ ദാനമായാണ് കണക്കാക്കുന്നത്. അത് തിരികെ നൽകേണ്ടതുണ്ട്. സൊറാസ്ട്രിയൻ(പാഴ്സികൾ പിന്തുടരുന്ന മതവിശ്വാസം) വിശ്വാസമനുസരിച്ച് ശവസംസ്കാരം നടത്തുകയോ കത്തിക്കുകയോ ചെയ്യുന്നത് പ്രകൃതിയുടെ മൂലകങ്ങളായ വെള്ളം,വായു,അഗ്നി എന്നിവയെ മലിനമാക്കും. എന്നാൽ രത്തൻ ടാറ്റയുടേത് ഹിന്ദുആചാരപ്രകാരമുള്ളതോ അല്ലെങ്കിൽ വൈദ്യുതി ഉപയോഗിച്ചുള്ള സംസ്കാരമോ ആയിരിക്കുമെന്നാണ് വിവരം.
പാഴ്സികളുടെ ശവസംസ്കാര രീതി
അതിരാവിലെ തന്നെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി ഒരുക്കും. ശവസംസ്കാര ചടങ്ങുകൾ കൈകാര്യം ചെയ്യാൻ ഉത്തരവാദിത്വമുള്ള സ്പെഷ്യലൈസ്ഡ് നസ്സെലർമാർ മൃതദേഹം കഴുകുകയും പരമ്പരാഗത പാഴ്സി വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്യുന്നു. ശരീരം പിന്നീട് ഒരു വെളുത്ത ആവരണത്തിൽ പൊതിഞ്ഞ്, ‘സുദ്രെ’ (പരുത്തി വസ്ത്രം), ‘കുസ്തി’, അരയിൽ ധരിക്കുന്ന ഒരു വിശുദ്ധ ചരടിൽ ബന്ധിക്കുന്നു.
മൃതദേഹം അന്ത്യവിശ്രമ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പാഴ്സി പുരോഹിതരുടെ നേതൃത്വത്തിൽ പ്രാർത്ഥനകളും ആശീർവാദങ്ങളും നടത്തും. മരണപ്പെട്ടയാളുടെ ആത്മാവ് മരണാനന്തര ജീവിതത്തിലേക്ക് സുഗമമായി മാറാൻ സഹായിക്കുന്നതിനാണ് ഈ ആചാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആദരാഞ്ജലികൾ അർപ്പിക്കാനും ഈ പ്രാർത്ഥനകളിൽ പങ്കെടുക്കാനും ഒത്തുകൂടുന്നു. മരിച്ചയാളുടെ പ്രിയപ്പെട്ട നായ മരണം സ്ഥിരീകരിക്കാനായി മൃതദേഹം സന്ദർശിക്കുന്നു. പുരാതന കാലത്ത് നായ്ക്കൾക്ക് ശരീരം നൽകിയിരുന്നു, എന്നാൽ ഇപ്പോൾ മൃതദേഹം പിന്തുടരുന്ന നായയ്ക്ക് ഒരു ബ്രെഡ് നൽകുന്നു.
തുടർന്ന് പരമ്പരാഗതമായി, മൃതദേഹം പാഴ്സി ശവസംസ്കാര ചടങ്ങുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന നിശ്ശബ്ദതയുടെ ഗോപുരത്തിലേക്ക് ( ടവർ ഓഫ് സൈലൻസ്) അല്ലെങ്കിൽ ‘ദഖ്മ’യിലേക്ക് കൊണ്ടുപോകും .തുടർന്ന് മൃതദേഹം ഇതിന് മുകളിൽ കിടത്തി കഴുകൻമാർ പോലെയുള്ള ശവംതീനികൾക്ക് അർപ്പിച്ച് പോകും. മൃതദേഹം കഴുകന്മാർ ഭക്ഷിച്ചശേഷം ബാക്കിയാവുന്ന എല്ലുകൾ ദാഖ്മയ്ക്കുള്ളിലെ കിണറിൽ വീഴും.
നിലവിലെ പാരിസ്ഥിതികവും പ്രായോഗികവുമായ വെല്ലുവിളികളും കഴുകൻ ജനസംഖ്യയിലെ കുറവും കണക്കിലെടുക്കുമ്പോൾ പലരും പുതിയ രീതികളാണ് അവലംബിക്കുന്നത്. സോളാർ കോൺസെൻട്രേറ്ററുകൾ പലയിടത്തും ഉപയോഗിക്കുന്നു.പകരമായി, ചില പാർസി കുടുംബങ്ങൾ ഇപ്പോൾ വൈദ്യുത ശവസംസ്കാരം തിരഞ്ഞെടുക്കുന്നു, ഇത് കൂടുതൽ പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ ഓപ്ഷനായി കാണുന്നു.’ദഖ്മ’ രീതി സാധ്യമല്ലെങ്കിൽ മൃതദേഹം വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ഭൂമിയെയോ അഗ്നിയെയോ വെള്ളത്തെയോ മലിനമാക്കരുത് എന്ന സൊരാസ്ട്രിയൻ തത്വങ്ങളെ മാനിക്കുന്ന രീതിയിലാണ് ഇവിടെ മൃതദേഹം സംസ്കരിക്കുന്നത്.
Discussion about this post