വാഷിംഗ്ടൺ; സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള നാസയുടെ ക്ലിപ്പർ വിജയകരമായി വിക്ഷേപിച്ചു. വാഴത്തിന്റെ നാലാമത്തെ വലിയ ചന്ദ്രനാണ് യൂറോപ്പ. ഭൂമിയ്ക്ക് പുറത്തുള്ള ജീവനെ കണ്ടെത്തുന്നതിനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ദൗത്യത്തിന് പിന്നിൽ. യൂറോപ്പ ക്ലിപ്പർ എന്നാണ് ദൗത്യത്തിന്റെ പേര്. ശതകോടീശ്വരൻ എലോൺ മസ്കിന്റെ സ്വകാര്യ ബഹിരാകാശ ദൗത്യ കമ്പനിയായ സ്പേസ് എക്സും ദൗത്യത്തിനൊപ്പം സഹകരിക്കുന്നുണ്ട്.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. നാസ നിർമ്മിച്ചിട്ടുള്ളവയിൽ വച്ച് ഗ്രഹ-ഉപഗ്രഹ പര്യവേഷണ പേടകങ്ങളിൽ ഏറ്റവും വലുതാണ് യൂറോപ്പ ക്ലിപ്പർ. ഒരു ബാസ്കറ്റ്ബോൾ കോർട്ടിന്റെ അത്രയും വലുപ്പവും ഏകദേശം 6,000 കിലോഗ്രാം ഭാരവുമുണ്ട് ഈ പേടകത്തിന്. അതായത് ഒരു ആഫ്രിക്കൻ ആനയുടെ അത്രയും.
ഇന്നലെ വിക്ഷേപിച്ച പേടകം അഞ്ചരവർഷം പിന്നിട്ട് 2030 ഏപ്രിലിലാണ് വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തുക. 9 നവീന ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്ന ക്ലിപ്പർ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി നിരീക്ഷിക്കും. യൂറോപ്പയിലെ തണുത്തുറഞ്ഞ ഐസ് പാളികൾക്കടിയിൽ ജീവൻറെ തുടിപ്പുകളുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തെർമൽ ഇമേജിംഗ്, സ്പെക്ട്രോമീറ്റർ, വിവിധ ക്യാമറകൾ എന്നിവ ക്ലിപ്പറിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾ യൂറോപ്പയിലെ അസാധാരണമായ ചൂടും രാസപ്രവർത്തനങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നതാണ്.
ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്നറിയാനുള്ള പര്യവേഷണം സാധാരണയായി ചൊവ്വയിലാണ് നടത്താറുള്ളത്. അത്ര താമസയോഗ്യമല്ലാത്ത സ്ഥലമായിട്ട് കൂടി അടുത്തുള്ള ഗ്രഹം എന്ന നിലയിലാണ് ചൊവ്വയിലേക്ക് പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ വ്യാഴത്തിന്റെയും ശനിയുടെയും ചന്ദ്രൻമാരിൽ ചിലത് ജീവന്റെ കണികകളെങ്കിലും ഉണ്ടാവുമെന്നാണ് ശാസ്ത്രജ്ഞൻമാർ പ്രതീക്ഷിക്കുന്നത്.ജലസാന്നിധ്യമാണ് കാരണം. യൂറോപ്പയിലും ഒരു അന്തർസമുദ്രമുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജേർണി റ്റു എ വാട്ടർ വേൾഡ് എന്നാണ് ഈ ദൗത്യത്തെ വിളിക്കുന്നതും.
Discussion about this post