തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി ഒഴിഞ്ഞ സ്ഥാനത്തേക്ക് നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.
പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും കോൺഗ്രസിൽ തീരുമാനമായിട്ടുണ്ട്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ സംസ്ഥാന നേതൃത്വം ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിരുന്നത്.
ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ വ്യക്തതയായിട്ടില്ല. ചേലക്കരയിൽ യുആര്‍ പ്രദീപിനാണ് സാധ്യത കൽപ്പിക്കുന്നത്. പാലക്കാട് ബിനുമോളുടെ പേരും ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. വയനാട്ടിൽ ആര് സിപിഐ സ്ഥാനാര്‍ത്ഥിയായി വരുമെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
Discussion about this post