തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് നാളെ ചുഴലിക്കാറ്റായും മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റ് വ്യാഴാഴ്ച ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ ആണ് സാധ്യത.
മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു ഉണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേതുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യത. നാളെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post