എറണാകുളം: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. ഇതിനെതിരെ ലോറൻസിന്റെ മകൾ ആശ ലോറൻസ് നൽകിയ ഹർജി കോടതി തള്ളി. ലോറൻസിന്റെ ആഗ്രഹം കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ മാസം ആയിരുന്നു ന്യൂമോണിയ ബാധയെ തുടർന്ന് ലോറൻസ് അന്തരിച്ചത്.
മരിച്ചു കഴിഞ്ഞാൽ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകണം എന്ന് രണ്ട് ആളുകളോട് ലോറൻസ് പറഞ്ഞിരുന്നു. ഇത് വിശ്വാസത്തിൽ എടുത്താണ് കോടതി മകളുടെ ഹർജി തള്ളിയത്. ലോറൻസ് രണ്ട് പേരോട് പറഞ്ഞ കാര്യങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു. ഇതോടെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. മൃതദേഹം പഠന ആവശ്യത്തിനായി വിട്ട് നൽകരുത് എന്നും മതാചാര പ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആശ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കഴിഞ്ഞ മാസം 21 നായിരുന്നു ലോറൻസിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. പൊതുദർശനത്തിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത് ആശയും മകനും തടയുകയായിരുന്നു. തുടർന്ന് നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.
Discussion about this post