തൃശൂർ: സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡിൽ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വർണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടന്നത്. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽപേർ ഒരേസമയം പങ്കാളികളായ തൃശൂരിലെ സ്വർണവേട്ടയിൽ ഉദ്യോഗസ്ഥരെ എത്തിച്ചത് വിനോദയാത്രയെന്ന് പറഞ്ഞാണ്.
എറണാകുളത്ത് ജി.എസ്.ടി. ഉദ്യോഗസ്ഥർക്ക് പരിശീലനമുണ്ടായിരുന്നു. അവിടെനിന്നാണ് ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത്.എറണാകുളത്ത് എത്തിയ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരോടും ഇന്നലെ എറണാകുളത്തു വിളിച്ചുകൂട്ടിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരോടും വടക്കുന്നാഥ ക്ഷേത്രം കാണാൻ പോകാമെന്നു പറഞ്ഞാണ് ടൂറിസ്റ്റ് ബസുകളിലും വാനുകളിലും കയറ്റിയത്.
എഴുന്നൂറോളം ഉദ്യോഗസ്ഥർ ബുധനാഴ്ച സ്വർണാഭരണനിർമാണ യൂണിറ്റുകളിലും അവയുടെ ഉടമസ്ഥരുടെയോ പ്രധാന ജീവനക്കാരുടെയോ വീടുകളിലും ഫ്ലാറ്റുകളിലുമുൾപ്പെടെ 78 ഇടങ്ങളിൽ അപ്രതീക്ഷിത പരിശോധന നടത്തി. ടൊറേ ഡെൽ ഓറെ അഥവാ സ്വർണഗോപുരം എന്ന് പേരിട്ട പരിശോധനയിൽ നൂറുകിലോയിലധികം സ്വർണമാണ് പിടികൂടിയത്.
പരിശോധനയ്ക്കിടെ ഉപഭോക്താക്കളാണെന്ന് ഉറപ്പുവരുത്തിയവരെ മാത്രം കടകളിൽ നിന്ന് ഇറക്കിവിട്ടു. മറ്റിടങ്ങളിൽ പരിശോധന നടക്കുന്ന വിവരമറിഞ്ഞ് കിട്ടിയ ബാഗുകളിൽ സ്വർണം വാരിയിട്ട് ഓടിയിറങ്ങിയ ജീവനക്കാരിയെ ഉദ്യോഗസ്ഥർ ഓടിച്ചിട്ടുപിടിച്ചു. ഇവരിൽനിന്ന് ആറര കിലോഗ്രാം സ്വർണം പിടികൂടി.
Discussion about this post