കണ്ണൂർ: യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷം നിരവധി പേർ തന്നെ അഭിനന്ദിച്ച് വിളിച്ചിരുന്നുവെന്ന് പിപി ദിവ്യ. കളക്ടറേറ്റിലെ ജീവനക്കാരുൾപ്പെടെ ഫോൺ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് ചോദ്യം ചെയ്യലിൽ ദിവ്യ മൊഴി നൽകിയത്. അഴിമതിക്കെതിരെ ധീരമായി നിലപാടെടുത്തുവെന്നുവെന്ന് പറഞ്ഞ് തന്നെ അനുമോദിച്ചുവെന്നും ദിവ്യ പറഞ്ഞു.
എന്നാൽ, നേരം പുലർന്നതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. എഡിഎം മരിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ, എല്ലാവരും എതിരായി. ചിലർ തന്നെ രാക്ഷസിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. ചിലരെ ഫോൺ ചെയ്തപ്പോൾ ഫോൺ ബന്ധം വിച്ഛേദിച്ചുവെന്നും ദിവ്യ വ്യക്തമാക്കി.
എഡിഎമ്മിന്റെ മരണം നടന്നതിന് പിന്നാലെ മുതൽ, താൻ അഴിമതിക്കെതിരെ പോരാടിയതാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പിപി ദിവ്യ. യാത്രയയപ്പ് ചടങ്ങിലെ തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നു.അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് ശ്രമിച്ചത്. എഡിഎമ്മിനെ മാനസീകമായി തകർക്കണമെന്ന് കരുതിയില്ലെന്നും അവർ പറയുന്നു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇന്നലെ പോലീസിന് മുമ്പിൽ കീഴടങ്ങിയ ദിവ്യയെ മൂന്ന് മണിക്കൂർ ആണ് ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും അന്വേഷണ സംഘത്തിന് മുമ്പിൽ ദിവ്യ പതറി. എഡിഎം പണം വാങ്ങിയത് എങ്ങനെ അറിയാമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ദിവ്യ തയ്യാറായില്ല. ചാനൽ വീഡിയോ ഗ്രാഫറെ വിളിച്ചു വരുത്തിയ കാര്യങ്ങൾ ഉൾപ്പെടെ പിപി ദിവ്യ സമ്മതിച്ചു.
Discussion about this post