പ്രതികാരബുദ്ധിയോടെ, ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതാത്പര്യത്തിന് മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കർഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു. അതിനായി എന്ത് വില കൊടുക്കാനും താൻ തയ്യാറാണെന്നും മോദി കൂട്ടിച്ചേർത്തു.
”കർഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കും വേണ്ടി ഇന്ത്യയും തയ്യാറാണെന്നായിരുന്നു മോദിയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസം യുഎസിന്റെ അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ പരസ്യമായി രംഗത്തെത്തിയിരുന്നു. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാത്പ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.









Discussion about this post