ആലുവ: കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് ജിഷ പുറത്തുപോയിരുന്നതായി അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ഏപ്രില്‍ 28ന് രാവിലെ 11 നാണ് നല്ല വസ്ത്രങ്ങള്‍ ധരിച്ച് ജിഷ പുറത്തേക്ക് പോയത്. പിന്നീട് 1.15ന് തിരിച്ചെത്തിയെന്നും ദൃക്സാക്ഷികള്‍ മൊഴി നല്കി. പെരുമ്പാവൂര്‍ കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചത്. ബസ് സ്റ്റോപ്പില്‍ ജിഷയെ കണ്ടവരും ഇക്കാര്യം സ്ഥിരീകരിച്ചു.
പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ സംഭവസ്ഥലത്ത് നേരിട്ടെത്തി നടത്തിയ വിശദമായ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലപ്പെട്ട ദിവസം രണ്ടര മണിക്കൂര്‍ ജിഷ എവിടെയായിരുന്നുവെന്നു കണ്ടെത്താനാണ് ഡിജിപിയുടെ നിര്‍ദേശം. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.ജിഷയുടെ അമ്മയുടെ മൊവിയിലെ വൈരുദ്ധ്യവും പോലിസ് പരിശോധിക്കുന്നു.
സംഭവം നടന്ന ദിവസം അമ്മ പോയതിനു പിന്നാലെ ജിഷയും വീടിനു പുറത്തു പോയിരുന്നു.വീടുപണി പൂര്‍ത്തീകരിക്കാനുള്ള സാമ്പത്തികം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു കൊല്ലപ്പെട്ട ജിഷയും അമ്മ രാജേശ്വരിയുമെന്നാണ് പോലീസിന്റെ നിഗമനം.വീടുപണി പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കാമെന്നു ഏറ്റ ആരെയെങ്കിലും കാണാനായിരുന്നോ ഈ യാത്രയെന്നും പോലീസ് സംശയിക്കുന്നു. ജിഷ അവസാനമായി യാത്ര ചെയ്തത് ആരെ കാണാനായിരുന്നു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ജിഷയുടെ ഈ യാത്രയെക്കുറിച്ച് കൃത്യമായ വിവരം തരാന്‍ അമ്മയ്ക്ക് കഴിയുമെന്നാണ് പോലീസിന്റെ നിഗമനം. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന്റെ വീടും ഈ റൂട്ടിലാണ്.
ജിഷയുടെ ആമാശയത്തില്‍ കണ്ടെത്തിയ ഫ്രൈഡ് റൈസും സോഫ്റ്റ് ഡ്രിങ്കും ആ സമയത്ത് കഴിച്ചതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍, ജിഷ പുറത്തുപോയത് എന്തിനാണെന്നോ ആരെയെങ്കിലും അന്ന് കണ്ടിരുന്നോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ദിവസങ്ങളായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യം കഴിച്ചിരുന്നു. എന്നാല്‍, മദ്യം എവിടെ നിന്നും ലഭിച്ചു എന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.കൊല്ലപ്പെട്ട ദിവസം ജിഷ ഉച്ചയ്ക്കുള്ള ഭക്ഷണം പുറത്തുനിന്നാണ് കഴിച്ചിരുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. 90 ശതമാനത്തിലധികം ലഹരി ശരീരത്തിനുള്ളില്‍ ഉണ്ടായിരുന്നതായും തെളിഞ്ഞതാണ് അവസാന യാത്രയുടെ ലക്ഷ്യത്തിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചതാകാനും മറിച്ച് പാര്‍സല്‍ വാങ്ങിക്കൊണ്ടുവന്നു വീട്ടിലിരുന്നു കഴിച്ചതാകാനും സാധ്യതയുണ്ട്. ലഹരിയുടെ അംശം ഉള്ളിലെത്താന്‍ കാരണം സ്വയം കഴിച്ചതോ മറ്റാരെങ്കിലും പാനീയത്തില്‍ കലര്‍ത്തി കൊടുത്തതാണോയെന്നും അന്വേഷവിധേയമാക്കും.
ജിഷയുമായി അടുത്ത ബന്ധമുള്ളവരില്‍ ആരോ ആണ് കൃത്യം നടത്തിയെതന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് എത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് ഏറെ പ്രമാദമായ പല കേസുകളുടെ അന്വേഷണങ്ങള്‍ക്ക് സിബിഐയുടെ ഭാഗമായി പ്രവര്‍ത്തിച്ച ഡിജിപി ലോക്നാഥ് ബെഹ്റയുടെ സന്ദര്‍ശനത്തോടെ ജിഷ വധക്കേസിലെ അന്വേഷണത്തിന് വഴിത്തിരിവായിട്ടുണ്ട്. സിബിഐ മോഡല്‍ അന്വേഷണത്തിനായി അദ്ദേഹം സംഭവ സ്ഥലത്തുനിന്നും നിരവധി തെളിവുകള്‍ നേരിട്ട് ശേഖരിച്ചിരുന്നു. ഇവ ശാസ്ത്രീയമായി പരിശോധിച്ച ശേഷം ഡിജിപി നേരിട്ടുതന്നെ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കും. ജിഷയുടെ അമ്മയടക്കമുള്ളവരുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തുന്നതോടെ സംഭവത്തിനു തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മനുഷ്യാവകാശ കമ്മീഷന് തള്ളിയത് പോലീസ് സേനയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. എഫ്ഐആര്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കാത്തതിനാലാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി പോലീസ് റിപ്പോര്‍ട്ട് തള്ളിയത്. പോലീസിന് തുടക്കത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്ന് ബെഹ്റ പറഞ്ഞു. മുന്നോട്ടുള്ള അന്വേഷണത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ടെന്നും അത് ഭരണപരമായി കൈകാര്യം ചെയ്തുകൊള്ളാമെന്നും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post