വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തൂക്കി കൊല്ലപ്പെട്ട ഇറാഖ് ഏകാധിപതി സദ്ദാം ഹുസൈനോടുള്ള ആരാധന പരസ്യമായി പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ അസ്വസ്ഥതക്ക് കാരണമായി. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ‘അമേരിക്കയുടെ ശത്രു’വായിരുന്ന സദ്ദാമിനോടുള്ള ആരാധന ട്രംപ് വെളിപ്പെടുത്തിയത്.
സദ്ദാം ഹുസൈന് ഒരു ചീത്ത മനുഷ്യനായിരുന്നു, ശരിയല്ലേ?…പക്ഷേ നിങ്ങള്‍ക്ക് അറിയാമോ, ഒരു കാര്യം അയാള്‍ മികച്ചതായി ചെയ്തിരുന്നു. അയാള്‍ ഭീകരരെ കൊന്നൊടുക്കി. അത് വളരെ മിടുക്കോടെ ചെയ്യാന്‍ അയാള്‍ക്ക് സാധിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
റാലേയില് നടന്ന റാലിയിലാണ് ട്രംപ് സദ്ദാമിനെ പുകഴ്ത്തിയത്. ഭീകരവാദത്തിന്റെ ഈറ്റില്ലമാണ് ഇന്ന് ഇറാഖ് എന്നാണ് ട്രംപ് പറഞ്ഞത്. ഇതാദ്യമായല്ല ഡൊണാള്‍ഡ് ട്രംപ് സദ്ദാമിനോടുള്ള ആരാധന തുറന്നു പറയുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നതിനിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും പൗരാവകാശ പ്രവര്‍ത്തകരും ട്രംപിനെതിരെ രംഗത്ത് വരുകയും ചെയ്തു. സ്വേച്ഛാധിപതികള്‍ ലോകത്ത് വിതച്ച ക്രൂരത മറന്നിട്ടാണോ ട്രംപ് ഇത്തരത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതെന്ന് നേതാക്കള്‍ ചോദിക്കുന്നു. ട്രംപ് അധികാരത്തിലെത്തിയാല്‍ അമേരിക്കയില്‍ പൗരാവകാശ ലംഘനങ്ങളുണ്ടാവുമെന്ന ഭീതിയും ഉടലെടുക്കുന്നുണ്ട്.
ട്രംപിന്റെ പാര്‍ട്ടിക്കാരനും റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കറുമായ പോള്‍ റിയാന്‍ ട്രംപിന്റെ പ്രസ്താവന ഖണ്ഡിച്ചുകൊണ്ട് പറഞ്ഞത് ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ പൈശാചിക മുഖങ്ങളില്‍ ഒന്നാണ് സദ്ദാം എന്നാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശവും സദ്ദാം വിരുദ്ധ നിലപാടുകളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ നിലപാട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട്.
Discussion about this post