ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തി പാക് ക്രിക്കറ്റ് താരങ്ങളുടെ പരിശീലന വീഡിയോ. പാകിസ്താൻ ടീമിന്റെ ഫീൽഡിംഗ് ഡ്രില്ലിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്. കിടക്കാനുപയോഗിക്കുന്ന ബെഡ് ഉപയോഗിച്ചാണ് താരങ്ങളുടെ പരിശീലനം.
കഴിഞ്ഞ ദിവസമായിരുന്നു പാകിസ്താന്റെ പരിശീലന വീഡിയോ പുറത്തുവന്നത്. ഗദ്ദാഫി സ്റ്റേഡിയത്തിൽ ആയിരുന്നു ട്രെയിനിംഗ് കോംപ്ലക്‌സിൽ ആയിരുന്നു താരങ്ങളുടെ പരിശീലനം. ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ളവർ പരിശീലന വേളയിൽ സ്റ്റേഡിയത്തിൽ ഉള്ളതായി ദൃശ്യങ്ങളിൽ കാണാം. ഓപ്പണിംഗ് ബാറ്റർ ഇമാം ഉൾ ഹഖ് ഉൾപ്പെടെയുള്ളവരാണ് കിടക്കയിൽ ഡൈവിംഗ് ക്യാച്ച് പരിശീലിച്ചത്.
ബോൾ ത്രോ ചെയ്ത് കൊടുക്കുമ്പോൾ ഓരോ താരങ്ങളും മാറി മാറി കിടക്കയിലേക്ക് ചാടുന്നത് കാണാം. പാക് മാദ്ധ്യമ പ്രവർത്തകൻ ഫരീദ് ഖാനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത്രയ്ക്കും പരിതാപകരമാണോ പാക് ടീമിന്റെ അവസ്ഥയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
ടി 20 ലോകകപ്പിൽ ഇന്ത്യയുൾപ്പെടെയുള്ള ടീമുകളിൽ നിന്നും കനത്ത തിരിച്ചടി ആയിരുന്നു പാകിസ്താന് ഏറ്റുവാങ്ങേണ്ടിവന്നത്. മോശം പ്രകടനം ആരാധകരിൽ വലിയ നിരാശ ആയിരുന്നു ഉണ്ടാക്കിയത്. തുടർ മത്സരങ്ങൾക്കായി കഠിനമായ പരിശീലന രീതിയുൾപ്പെടെ പാക് താരങ്ങൾ നടത്തും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് ബെഡിൽ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഇങ്ങിനെയാണോ പരിശീലിക്കുന്നത് എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
Discussion about this post