വാഷിംഗ്‌ടൺ: പ്രായാധിക്യത്തിന്റെ അവശതകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡൊണാൾഡ് ട്രംപുമായുള്ള കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിൽ ഇത് പ്രകടമായി കാണുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും ബൈഡൻ മാറണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉണ്ടായിരിന്നു.
എന്നാൽ ജോ ബൈഡൻ മാറി കമലാ ഹാരിസ് ആ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ഇപ്പോൾ ഡെമോക്രാറ്റുകളുടെ ഉള്ളിൽ തന്നെ ശക്തമാവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ബൈഡൻ തൻ്റെ പ്രചാരണം തുടരണോ വേണ്ടയോ എന്നത് പുനഃപരിശോധിക്കുന്നു എന്ന കിംവദന്തികൾ വൈറ്റ് ഹൗസ് നിഷേധിക്കുന്നത് തുടരുമ്പോഴും , പകരക്കാരനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമാവുകയാണ് . ജോ ബൈഡന്റെ പ്രചാരണ വിഭാഗം , വൈറ്റ് ഹൗസ്, ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി എന്നിവയിൽ നിന്നുള്ള വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ജോ ബൈഡന്റെ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കുന്നുണ്ട്.
ഹാരിസ് ആയിരിക്കും ഏറ്റവും നല്ല ഓപ്ഷൻ എന്ന് ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് പാർട്ടി അംഗങ്ങളോട് സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . ബൈഡൻ പിന്മാറുകയാണെങ്കിൽ ഹാരിസിനുള്ള പിന്തുണ പരസ്യമായി പ്രസ്താവിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് ഡെമോക്രാറ്റ് ജെയിംസ് ക്ലൈബേണും രംഗത്ത് വന്നിരുന്നു. കമലാ ഹാരിസിനെ ശക്തിപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് അദ്ദേഹം ഡെമോക്രാറ്റുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു . അതുപോലെ, പെൻസിൽവാനിയയിൽ നിന്നുള്ള ഹൗസ് ഡെമോക്രാറ്റായ സമ്മർ ലീയും ജോ ബൈഡന് പകരം വയ്ക്കാനുള്ള ഏറ്റവും നല്ല ചോയ്സ് കമലാ ഹാരിസ് ആണെന്ന് പറയുന്നുണ്ട് .
അതെ സമയം ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ വൈറ്റ് ഹൗസ് കാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകളുമായി ബന്ധപ്പെട്ടും ഏതാനും ചില ഡെമോക്രാറ്റുകൾക്ക് അതൃപ്തിയുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജോ ബൈഡന് ഏറ്റവും വലിയ പിന്തുണ നൽകുന്ന വ്യക്തി കമലാ ഹാരിസ് തന്നെയാണ്. ചർച്ചയിൽ തിരിച്ചടി നേരിട്ടെങ്കിലും ജോ ബൈഡനോടൊപ്പം ശക്തമായി ഉറച്ചു നിൽക്കുന്നു എന്നാണ് കമലാ ഹാരിസിന്റെ നിലപാട്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ജോ ബൈഡനെ മാറ്റുകയാണെങ്കിൽ അത് ആ സ്ഥാനത്ത് വരുക കമലാ ഹാരിസ് ആണെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്
Discussion about this post