കൊച്ചി: വിവാദത്തിലകപ്പെട്ട ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് ഒളിപ്പോരാളിയല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍. സാക്കിര്‍ നായിക്ക് ആരാണ്? എന്താണ് അയാളുടെ ജോലി എന്ന സാമാന്യ ധാരണയോ, അതറിയാന്‍ വിക്കിപീഡിയ എങ്കിലും തുറന്ന് നോക്കാനുളള മനസ് കാണിക്കാതെ ആയിരുന്നു മാധ്യമ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ മുന്‍വിധിയോടെയാണെന്നും കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് മുസ്ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സാക്കിര്‍ നായിക്കിന്റെ പേരില്‍ മുസ്ലിം ലീഗിനുള്ളില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും ലീഗിനുള്ളിലെ ചില വ്യക്തികള്‍ മാത്രമാണ് നായിക്കിനെ പിന്തുണക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാക്കിര്‍ നായിക്കിന്റെ പേരില്‍ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കി മുഖപ്രസംഗവുമായി ചന്ദ്രിക എത്തിയതും. കൊടിയേരി ബാലകൃഷ്ണന് ഉന്നയിച്ച പോലെ ലീഗിനുള്ളില്‍ രണ്ടഭിപ്രായങ്ങളില്ലെന്ന് വ്യക്തമാക്കുക കൂടിയാണ് ഒളിപ്പോരാളിയല്ല സാക്കിര്‍ നായിക്കെന്ന മുഖപ്രസംഗത്തിലൂടെ ചന്ദ്രിക വ്യക്തമാക്കിയതും.
കോട്ടും സ്യൂട്ടും തൊപ്പിയും ധരിച്ച് ലോകത്തുടനീളം ആയിരക്കണക്കിന് പ്രഭാഷണം നടത്തിയ പണ്ഡിതനാണ് സാകിര്‍ നായിക്. വിവിധ മാധ്യമങ്ങള്‍ വഴി ശരാശരി 100 ദശലക്ഷം പേര് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കുന്നുണ്ട്. 2009, 2010-ല്‍ ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ, ഇന്ത്യന്‍ എക്സ്പ്രസ് പുറത്തിറക്കിയ പട്ടികയില്‍ സാകിര്‍ നായികുണ്ടായിരുന്നു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഈ അലോപ്പതി ഡോക്ടര്‍ നമ്മുടെ കേരളത്തില്‍ വിവിധ ഇസ്ലാമിക മത സംഘടനകളുടെ വേദിയില്‍ അനേകം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആധുനിക ശാസ്ത്രം, ക്രിസ്തുമതം, മതേതരത്വം തുടങ്ങിയവയുമായുള്ള ഇസ്ലാമിക കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റെ പ്രധാന പ്രതിപാദ്യ വിഷയങ്ങളെന്നും മുഖപ്രസംഗം പറയുന്നു.
ഇസ്ലാമിലെയും ഹിന്ദുമതത്തിലെയും ദൈവിക വീക്ഷണത്തെ കുറിച്ച് 2006 ജനുവരി 21ന് ആര്‍ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറുമായി അദ്ദേഹം നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു. കേരളത്തിലെ ഐ.എസ് ബന്ധവുമായി ഉയര്‍ന്ന വിവാദങ്ങളില്‍ സാമാന്യ സാക്ഷരത പോലും കാണിക്കാതെയാണ് സാകിര്‍ നായികിനെ കരിനിഴലില്‍ നിര്‍ത്താനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങളെന്നും ചന്ദ്രിക വ്യക്തമാക്കുന്നു.
ചന്ദ്രികയുടെ മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം
പരിഷ്കൃത ജനാധിപത്യ സമൂഹത്തിലെ ധൈഷണിക സംവാദങ്ങള്‍ മതേതരമാകുന്നതു പോലെ പ്രധാനമാണ് മതാത്മകമാകുന്നതും. ബഹുസ്വര സമൂഹത്തില്‍ ഇവ രണ്ടിനും തിരസ്കാരത്തിന്റേതും ആശ്ലേഷത്തിന്റേതുമായ തുറസ്സുകളുണ്ട്. പൗരന് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഈ അവകാശത്തെ ഭരണഘടനാപരമായി വകവെച്ചു തരുന്നതു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ കാലാകാലങ്ങളായി മതങ്ങളും ഇസങ്ങളും തമ്മില്‍ നടന്നു വന്ന സംവാദങ്ങള്‍. സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരം സംവാദ വേദികളില്‍ മുന്‍നിരയിലുള്ള പേരാണ് മുംബൈയില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതന് സാകിര്‍ നായികിന്റേത്. ലോകത്തുടനീളം മത താരതമ്യ സംവാദങ്ങളില്‍ രണ്ടു പതിറ്റാണ്ടായി സജീവമായി നിലനില്‍ക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം.
എന്നാല്‍, ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയില്‍ ജൂലൈ ഒന്നിനുണ്ടായ, 22 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ അക്രമികളിലൊരാളെ പ്രചോദിപ്പിച്ചത് നായികിന്റെ പ്രഭാഷണമാണ് എന്ന ആരോപണം നായികിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയുണ്ടായി. സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന പീസ് ടി.വി ബംഗ്ലാദേശില്‍ നിരോധിക്കുകയും ഇന്ത്യയില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നായികിന്റെ പ്രഭാഷണങ്ങള്‍ രാജ്യത്ത് നിരോധിക്കണമെന്നും മുറവിളിയുയര്‍ന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ താമസിപ്പിച്ചതു പോലെയുള്ള ഇടുങ്ങിയ ജയില്‍സെല്ലില്‍ സാകിര്‍ നായികിനെയും പാര്‍പ്പിക്കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. ധാക്കയിലെ ആക്രമണത്തിനു പിന്നാലെ, കേരളത്തില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ക്കും സാകിര്‍ നായികുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ മലയാള മാധ്യമങ്ങളെയും ‘ഞെട്ടിച്ചു’. പ്രധാനവാര്‍ത്താ തലക്കെട്ടുകളില്‍ അതിടം പിടിക്കുകയും ചാനല്‍ മൈക്കുകള്‍ ബഹളം വെക്കുകയും ചെയ്തു.
സാകിര്‍ നായിക് ആരാണ്? എന്താണ് അയാളുടെ ജോലി എന്ന സാമാന്യ ധാരണയോ, അതറിയാന്‍ വിക്കിപീഡിയയെങ്കിലും തുറന്നു നോക്കാനോ ഉള്ള മനസ്സോ കാണിക്കാതെയായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം. ഇതാ ഒരു കൊടും ഭീകരനെ കിട്ടിയെന്ന മട്ടിലായിരുന്നു മാധ്യമങ്ങളുടെ ആഘോഷം.
കോട്ടും സ്യൂട്ടും തൊപ്പിയും ധരിച്ച് ലോകത്തുടനീളം ആയിരക്കണക്കിന് പ്രഭാഷണം നടത്തിയ പണ്ഡിതനാണ് സാകിര്‍ നായിക്. വിവിധ മാധ്യമങ്ങള്‍ വഴി ശരാശരി 100 ദശലക്ഷം പേര് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കുന്നുണ്ട്. 2009, 2010ല്‍ ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ, ഇന്ത്യന്‍ എക്സ്പ്രസ് പുറത്തിറക്കിയ പട്ടികയില്‍ സാകിര്‍ നായികുണ്ടായിരുന്നു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഈ അലോപ്പതി ഡോക്ടര്‍ നമ്മുടെ കേരളത്തില്‍ വിവിധ ഇസ്ലാമിക മത സംഘടനകളുടെ വേദിയില്‍ അനേകം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആധുനിക ശാസ്ത്രം, ക്രിസ്തുമതം, മതേതരത്വം തുടങ്ങിയവയുമായുള്ള ഇസ്ലാമിക കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍.
ഇസ്ലാമിലെയും ഹിന്ദുമതത്തിലെയും ദൈവിക വീക്ഷണത്തെ കുറിച്ച് 2006 ജനുവരി 21ന് ആര്‍ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറുമായി അദ്ദേഹം നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു. കേരളത്തിലെ ഐ.എസ് ബന്ധവുമായി ഉയര്‍ന്ന വിവാദങ്ങളില്‍ സാമാന്യ സാക്ഷരത പോലും കാണിക്കാതെയാണ് സാകിര്‍ നായികിനെ കരിനിഴലില്‍ നിര്‍ത്താനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇസ്ലാം വിരുദ്ധ പൊതുബോധനിര്‍മിതിയുടെ അഴുക്കുചാലില്‍ വീണു പോകുകയായിരുന്നു മാധ്യമങ്ങള്‍. ഇത്തരം വിഷയങ്ങളിലെ അജ്ഞതയായും കണക്കാക്കാം. ഒരു പ്രധാനപ്പെട്ട ദൃശ്യ മാധ്യമം ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്നയാളുടെ വീടിനു മുമ്പില്‍ എഴുതിയ അറബി പേര് അനാവശ്യമായി സൂം ചെയ്തു കാണിച്ചത് ഓര്‍ക്കുക.
സാകിര്‍ നായികിനെ മറ്റൊരു ഉസാമ ബിന്‍ലാദനോ മുല്ല ഉമറോ ആക്കാനുള്ള പ്രചാരണമാണ് പ്രതിരോധിക്കപ്പെടേണ്ടത്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നായിക് മാത്രമല്ല, ആരും ശിക്ഷിക്കപ്പെടണം. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എന്തെങ്കിലും ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. എന്നു മാത്രമല്ല, രാജ്യത്തെ സാമുദായിക ഐക്യത്തിന് കോട്ടം തട്ടുന്ന ഏതു വാക്കും പ്രവൃത്തിയും ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷിക്കേണ്ടതാണ്. ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് സാകിര്‍ നായിക് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സ്വാധി പ്രാചിയും ഗിരിരാജ് സിങും പ്രതിനിധീകരിക്കുന്ന അക്രമാസക്ത ഹൈന്ദവതയോടും രാജിയായിക്കൂടാ എന്നതും വിസ്മരിക്കരുത്.
യഥാര്‍ത്ഥത്തില്‍ സാകിര്‍ നായികല്ല, ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതമതേതര സംവാദങ്ങളുടെ അടിവേരറുക്കുകയാണ് സംഘ്പരിവാരത്തിന്റെ ലക്ഷ്യം. വിശ്വസിക്കുന്ന മതം അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനും ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശം ഇല്ലാതാക്കുകയാണ് അവരുടെ ഉന്നം എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
സാകിര്‍നായികിന്റെ പ്രഭാഷണങ്ങളില്‍ വിദ്വേഷം ലെന്‍സ് വെച്ചു പരിശോധിക്കുകയും തീവ്ര ഹിന്ദുത്വത്തിന്റെ വിഷവിത്തുകളെ ലൈസന്‍സില്ലാതെ കയറൂരിവിടുകയും ചെയ്യുന്നതിലെ അപകടം കാണാതിരുന്നു കൂടാ. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അത്തരമൊരു അപകടം കുറച്ചു കാലമായി രാജ്യത്ത് ഒളിഞ്ഞു കിടക്കുന്നുണ്ട്. ഒരു മുസ്ലിമിന് മതേതരവാദിയാണ് എന്നു തെളിയിക്കേണ്ടതിന്റെ സംഘര്‍ഷം നിമിഷംപ്രതി വര്‍ധിച്ചുവരികയാണിപ്പോള്‍ രാജ്യത്ത്. ഉപരാഷ്ട്രപതിക്കു പോലും അതു തെളിയിക്കേണ്ടി വരുന്നു എന്നത് ഭരണകൂടം ഗൗരവത്തോടെ കാണേണ്ടതാണ്. പരസ്പര വിശ്വാസത്തോടെയുള്ള ബൗദ്ധിക സംവാദങ്ങള്‍ക്കും ഇടം ഇനിയും അവശേഷിക്കേണ്ടതുണ്ട്. ഷണ്ഡീകരിക്കാത്ത ഒരു ജനാധിപത്യ സമൂഹത്തിന് അത് അത്യന്താപേക്ഷിതമാണ്.
Discussion about this post