തിരുവനന്തപുരം: തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സഭയില്‍ പ്രതിപക്ഷ ബഹളം. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചുള്ള പ്രസംഗമാണ് സ്വരാജ് നടത്തിയത്.
ഇത് പ്രതിപക്ഷത്തെ അപമാനിച്ചെന്നും ഇക്കാര്യം ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ശരിയായ രീതിയില്‍ അല്ല ഇടപെട്ടതെന്നും വി.ഡി സതീശന് ആരോപിച്ചു.
സ്വരാജിന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും ഇടപെടണമെന്ന് വി.ഡി സതീശന് ആവശ്യപ്പെട്ടു. സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ആളല്ലെന്നും കുറച്ച് കൂടി ക്ഷമ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബൈബിള്‍ പരിശോധിച്ച് റൂളിങ് നല്‍കാമെന്നാണ് പ്രതിപക്ഷം ബഹളം വച്ചപ്പോള്‍ സ്പീക്കര്‍ മറുപടി നല്‍കിയത്. സ്പീക്കറുടെ ഈ മറുപടിയില്‍ പ്രകോപിതരായിട്ടാണ് സഭയില്‍ പ്രതിപക്ഷം വീണ്ടും ബഹളം വച്ചത്. തുടര്‍ന്ന് എം. സ്വരാജിന്റെ പ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാമെന്നും നടപടി എടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്കി. പ്രതിപക്ഷത്തെ അപമാനിക്കാന്‍ ഭരണപക്ഷം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post