ഡല്‍ഹി: ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 17,18 ദിവസങ്ങളില്‍ വെനസ്വലയില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും മോദിയുടെ യാത്ര സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. മോദിക്ക് പകരം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജോ, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോ ആകും ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വ്യാഴാഴ്ച വെനസ്വലന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷണിക്കാന്‍ കൂടിയാണ് അവര്‍ വരുന്നത്. ഉച്ചകോടിയില്‍ മോദി പങ്കെടുത്തേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 1979നു ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം ഉണ്ടാകുന്നത്.
നേരത്തെ 1979-ല്‍ ചരണ്‍സിങ് കാവല്‍ പ്രധാനമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹം ഹവാനയില്‍ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. 1961-ല്‍ സോവിയറ്റ് യൂണിയനും, അമേരിക്കയും തമ്മില്‍ ശീതയുദ്ധം മുറുകിനിന്ന സമയത്താണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുന്‍കൈയ്യെടുത്ത് ചേരിചേരാ സഖ്യം രൂപവത്ക്കരിച്ചത്. സഖ്യത്തിന്റെ 17ാമത് ഉച്ചകോടിയാണ് അടുത്തമാസം നടക്കാന്‍ പോകുന്നത്.
മാറിയ സാഹചര്യത്തില്‍ അമേരിക്കയുമായി നയതന്ത്ര ബന്ധത്തില്‍ ഉണ്ടാക്കിയിട്ടുള്ള മുന്നേറ്റങ്ങളാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ വിരുദ്ധ മുന്നേറ്റങ്ങളില്‍ നിന്ന് പരമാവധി അകലം പാലിക്കാനുള്ള ഇന്ത്യയുടെ ശ്രമമായും ഇതിനെ വിലയിരുത്തുന്നു.
Discussion about this post