ചണ്ഡിഗഡ്: പത്രപ്രവര്‍ത്തകരെ അധിക്ഷേപിച്ച ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ദ് മന്നിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. പഞ്ചാബിലെ ഫതേഹ്ഗഡ് സാഹിബില്‍ വ്യാഴാഴ്ച നടന്ന എ.എ.പി റാലിക്കിടെയാണ് എം.പി മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചീത്ത വാക്കുകളുപയോഗിക്കുകയും ചെയ്തത്. പത്രപ്രവര്‍ത്തകര്‍ റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ നാലുമണിക്കൂര്‍ വൈകിയെത്തിയതാണ് എം.പിയെ പ്രകോപിപ്പിച്ചത്. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യമില്ലെന്നും ജേര്‍ണലിസ്റ്റുകളെ പുറത്താക്കാന്‍ പ്രവര്‍ത്തകരോട് ആഞ്ജാപിക്കുകയുമായിരുന്നു ഭഗവന്ദ് മന്.
ഫതേഹ്ഗഡ് സാഹിബ് ജില്ലാ പത്രപ്രവര്‍ത്തക യൂണിയന് സെക്രട്ടറി രംജോത് സിങ്ങിന്റെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ചുമതലയിലുള്ളവരോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫതേഹ്ഗഡ് സാഹിബ്പൊലീസ് സൂപ്രണ്ട് അറിയിച്ചു.
സെക്സ വീഡിയോ വിവാദത്തില്‍ ഉള്‍പ്പെട്ട എ.എ.പി മന്ത്രി സന്ദീപ് കുമാറിനെ കുറിച്ച് ചോദിച്ചതോടെ എം.പി കൂടുതല്‍ ക്ഷുഭിതനായി. ജേര്‍ണലിസ്റ്റുകളെ വേദിയില്‍ നിന്ന് പുറത്താക്കാന്‍ ഭഗവന്ദ് ആവശ്യപ്പെട്ടതു പ്രകാരം ചിലര്‍ ജേര്‍ണലിസ്റ്റുകളെ തള്ളിമാറ്റുകയും ക്യാമറയും മറ്റും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കി. പൊലീസ് ഇടപെട്ടാണ് പ്രശ്നം തീര്‍പ്പാക്കിയത്.
Discussion about this post