തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയിലറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് കൊടി സുനി സെല്ലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വാര്‍ഡനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി. ഇതേക്കുറിച്ച് ജയില്‍ ഡിജിപി അന്വേഷണം നടത്തുന്നതിനിടെയാണ് ടിപി കേസിലെ പ്രതികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കയ്യോടെ പിടികൂടിയത്. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ സെല്ലില്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകളും രണ്ട് പവര്‍ ബാങ്കുകളും മൂന്ന് സിം കാര്‍ഡുകളും ഡാറ്റ കേബിളുമാണ് പിടിച്ചെടുത്തത്. രണ്ട് വര്‍ഷം മുമ്പ് ഇതേ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചത് പിടിക്കപ്പെട്ടിരുന്നു.
ജയിലില്‍ വെച്ചെടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതും വിവാദത്തിനിടയാക്കിയിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇവരില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ പിടികൂടിയത്. ഒരു വിഭാഗം ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുണ്ടെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ഗൗരവം കാണിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു.
Discussion about this post