ന്യൂഡൽഹി: ഔദ്യോഗികമായി കനേഡിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ചതായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. 77 ാം സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ചാണ് അക്ഷയ് കുമാർ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യൻ പൗരത്വം ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കനേഡിയൻ പൗരത്വം ഉപേക്ഷിക്കുമെന്ന് നേരത്തെയും അക്ഷയ് കുമാർ സൂചന നൽകിയിരുന്നുവെങ്കിലും സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം ഇന്ത്യൻ പൗരത്വം സ്വീകരിക്കുമെന്ന് ആരും ധരിച്ചിരുന്നില്ല. പൗരത്വവും ഹൃദയവും ഇപ്പോൾ രണ്ടും ഹിന്ദുസ്ഥാൻ തന്നെയാണ് എന്ന് കുറിപ്പോടെ എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസയും അദ്ദേഹം നേർന്നിട്ടുണ്ട്.
രാജ്യത്തോടുള്ള തന്റെ സ്‌നേഹത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് കണ്ട് നിരാശ തോന്നിയിട്ടുണ്ടെന്ന് നടൻ നേരത്തെ പറഞ്ഞിരുന്നു. ‘ഇന്ത്യയാണ് എനിക്ക് എല്ലാം… ഞാൻ സമ്പാദിച്ചതും നേടിയതുമെല്ലാം ഇവിടെ നിന്നാണ്’ എന്നിങ്ങനെയായിരുന്നു ഇതേക്കുറിച്ച് നടൻ നേരത്തെ പറഞ്ഞത്.
കരിയറിന്റെ ആദ്യ കാലത്താണ് അക്ഷയ്കുമാർ കനേഡിയൻ പാസ്‌പോർട്ടിനായി അപേക്ഷിച്ചത്. 2011 ൽ തന്റെ 44 ലാണ് വയസിലാണ് അദ്ദേഹം കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്.
Discussion about this post