ന്യൂഡൽഹി: ഇസ്ലാം മതത്തിൽ സ്ത്രീകൾക്ക് മസ്ജിദിൽ നിസ്‌കരിക്കുന്നതിന് വിലക്കില്ലെന്ന് അഖിലേന്ത്യ വ്യക്തിനിയമ ബോർഡ്. മസ്ജിദില് മുസ്ലീം സ്ത്രീകളെ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മസ്ജിദിൽ പുരുഷന്മാർക്കൊപ്പം നിസ്‌കരിക്കാൻ മതം അനുവദിക്കുന്നില്ലെന്നും വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
ഇസ്ലാം മതം സ്ത്രീ കൾക്ക് ആരാധനയ്ക്കായുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. മസ്ജിദിൽ പ്രവേശിക്കുന്നതിനും നിസ്‌കരിക്കുന്നതിനും സ്ത്രീകൾക്ക് വിലക്കില്ല. മാത്രമല്ല അതിനുള്ള എല്ലാ സൗകര്യങ്ങളും മസ്ജിദ് ഒരുക്കി നൽകണമെന്നുമാണ്. ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ സർക്കാരിന്റെ പരിധിയിലുള്ളത് അല്ല. ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് മുതവല്ലിമാരുടെ നേതൃത്വത്തിലുള്ള സ്വകാര്യ സമിതികൾ ആണെന്നും സത്യവാങ്മൂലത്തിൽ വഖഫ് ബോർഡ് വ്യക്തമാക്കി.
ഖുർആൻ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ മസ്ജിദിൽ കയറാനും, ആരാധന നടത്താനും മുസ്ലീം സ്ത്രീകൾക്ക് സർവ്വ സ്വാതന്ത്ര്യവും ഉണ്ട്. വീട്ടിൽ പ്രാർത്ഥിക്കണോ അതോ മസ്ജിദിൽ എത്തി നിസ്‌കരിക്കണോ എന്ന കാര്യത്തിൽ സ്ത്രീകൾക്ക് തീരുമാനം എടുക്കാം. എന്നാൽ പുരുഷന്മാർക്കൊപ്പം നിസ്‌കരിക്കാൻ സ്ത്രീകൾക്ക് അനുവാദം ഇല്ല. മുസ്ലീം പുരുഷന്മാരും ദിവസവും അഞ്ച് നേരം നിസ്‌കരിക്കണം. എന്നാൽ സ്ത്രീകൾ അഞ്ച് നേരം നിസ്‌കരിക്കണമെന്ന് നിർബന്ധിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
2009 ലാണ് മസ്ജിദിൽ സ്ത്രീകൾക്കും ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ ഹുസ്സൈൻ ഷെയ്ഖ് എന്ന വ്യക്തി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. മസ്ജിദിൽ ആരാധന നടത്താൻ സ്ത്രീകളെ അനുവദിക്കാത്തത് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇതിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി വ്യക്തിനിയമ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഹർജി കോടതി അടുത്ത മാസം പരിഗണിക്കും.
Discussion about this post