ബെയ്‌റൂട്ട്: ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് അമേരിക്ക.ഇറാന്റെയോ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ തങ്ങള്‍ തീര്‍ച്ചയായും ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഹിസ്ബുള്ള- ഇസ്രയേല്‍ പോരില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു യുഎസിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ഇസ്രയേലിനെ പിന്തുണച്ചുള്ള രംഗപ്രവേശമെന്നത് ശ്രദ്ദേയമാണ്.
അതേസമയം ലെബനനില്‍ വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. 450 പേര്‍ക്ക് പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ലെബനനില്‍ ലാന്‍ഡ്ലൈന്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹിസ്ബുള്ളയുടെ ആരോപണത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. തായ്വാനില്‍ നിന്നുള്ള പേജറുകള്‍ ലെബനനില്‍ എത്തുന്നതിന് മുമ്പ് ഇസ്രായേല്‍ തടഞ്ഞിരിക്കാമെന്നും ഓരോ പേജറിലെയും ബാറ്ററിയ്ക്ക് സമീപം മൂന്ന് ഗ്രാം വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കാമെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക ഇടപെട്ടിരുന്നു. പ്രത്യാക്രമണം നടത്തുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പേജര്‍ സ്‌ഫോടനപരമ്പര നടന്നത്. ‘ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സംഘര്‍ഷം വര്‍ധിപ്പിക്കരുതെന്ന് ഇറാനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ മാത്യു മില്ലര്‍ പറഞ്ഞിരുന്നു.
Discussion about this post