ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുളള വാർത്ത നാടകീയമായി റിപ്പോർട്ട് ചെയ്ത അവതാരികയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പൂരം. റിപ്പബ്ലിക് ഭാരതിന്റെ അവതാരിക ശ്വേത തിവാരിയാണ് അമിതാവേശം കാട്ടി ട്രോളുകൾക്ക് ഇരയായത്. ബിപോർജോയ് തീരത്തെത്തുന്നതിന് മുൻപ് കാറ്റിന്റെ തീവ്രത വിവരിക്കാൻ അവതാരിക സ്വീകരിച്ച രീതിയാണ് ട്രോളുകൾക്ക് വഴിവെച്ചത്.
ചാനൽ സ്റ്റുഡിയോയിൽ ഒരു കുടയുമായി എത്തിയ അവതാരിക ശക്തമായ കാറ്റിൽ കുടയും താനും ആടിയുലയുന്നതായി അഭിനയിക്കുകയായിരുന്നു. കാറ്റിന്റെ ദൃശ്യങ്ങൾ പശ്ചാത്തലത്തിൽ വീഡിയോ വാളിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. അവതാരികയുടേത് ഓവർ ആക്ടിംഗ് ആണെന്നും അനാവശ്യമെന്നും പറഞ്ഞാണ് വ്യാപകമായ ട്രോളുകൾ പുറത്തുവന്നത്.
കറ്റിന്റെ തീവ്രത പ്രേക്ഷകരിലെത്തിക്കാനായിരുന്നു അവതാരികയുടെ വേറിട്ട ശ്രമം. ശക്തമായ കാറ്റിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്നതുപോലെ അഭിനയിച്ച അവതാരിക 150 കിലോമീറ്റർ വേഗത്തിൽ ഇവിടെ കാറ്റടിച്ചാൽ എന്താകും സംഭവിക്കുകയെന്നും ചോദിക്കുന്നുണ്ടായിരുന്നു. ട്വിറ്ററിലാണ് അവതാരികയുടെ വീഡിയോയും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നത്.
മാദ്ധ്യമപ്രവർത്തനത്തെ പരിഹസിക്കുന്നതാണ് അവതാരികയുടെ അഭിനയമെന്നും ഇവരെയൊക്കെ വീണ്ടും മാദ്ധ്യമ പഠന ക്ലാസിൽ കൊണ്ടുവിടണമെന്നും ട്വിറ്ററിൽ ചിലർ അഭിപ്രായപ്പെടുന്നു. ഗുജറാത്തിലെ തീരത്തെക്കാൾ നോയ്ഡയിലെ സ്റ്റുഡിയോയിലാണ് കാറ്റ് വീശിയതെന്നാണ് ചിലർ പരിഹസിച്ചത്.
വൈകിട്ടോടെയാണ് ബിപോർജോയ് തീരത്തെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഇന്നലെ മുതൽ ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ പലയിടത്തും ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു.








