വാഷിംങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും വിലക്ക്. ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രൈമറിയിൽ നിന്ന് യുഎസ് സംസ്ഥാനമായ മെയ്ൻ വിലക്കി. നേരത്തെ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതി വിധിച്ചിരുന്നു. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിനാണ് അന്ന് അയോഗ്യത ഉണ്ടായിരുന്നത്. ഇതിന് സമാനമായതാണ് മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധി. 2021 ജനുവരി 6 ലെ സംഭവങ്ങൾ ട്രംപിന്റെ അറിവോടുകൂടിയാണെന്ന് അവർ വിധിയിൽ വ്യക്തമാക്കി. നമ്മുടെ ഗവൺമെന്റിന്റെ അടിത്തറയ്ക്കെതിരായ ആക്രമണം യുഎസ് ഭരണഘടന വെച്ചുപൊറുപ്പിക്കില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
2021 ജനുവരിയിൽ യു.എസ്. കാപ്പിറ്റോളിന് നേർക്ക് ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിലെ പങ്കിനെ തുടർന്നാണ് നടപടി. യു.എസിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർഥിയാണ് ട്രംപ്. പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവർ അധികാരത്തിലെത്തുന്നത് തടയാനുള്ള യു.എസ്. ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂർവമായി മാത്രമാണ് പ്രയോഗിക്കാറ്.
അതേസമയം വിധിയിൽ പ്രതികരണവുമായി ട്രംപിന്റ് പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് രംഗത്തെത്തി. ഒരു തെറ്റും ചെയ്യരുത്, ഈ പക്ഷപാതപരമായ തിരഞ്ഞെടുപ്പ് ഇടപെടലുകൾ അമേരിക്കൻ ജനാധിപത്യത്തിന് നേരെയുള്ള ശത്രുതാപരമായ ആക്രമണമാണ്,’ പ്രസിഡണ്ട് ജോ ബൈഡനും ഡെമോക്രാറ്റുകളും ‘അധികാരത്തിൽ തങ്ങളുടെ മേൽക്കോയ്മ സംരക്ഷിക്കാൻ സർക്കാർ സ്ഥാപനങ്ങളുടെ ശക്തിയെ ആശ്രയിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.













Discussion about this post