കൊട്ടിയം: കൊല്ലം കൊട്ടിയത്ത് സൈനികനെയും കുടുംബത്തെയും പോലീസ് വീട്ടിൽ കയറി മർദ്ദിച്ചു. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ നായിക് ആയ മുഖത്തല സ്വദേശി കിരൺകുമാറിനും കുടുംബത്തിനും നേരെ ആയിരുന്നു അക്രമം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമ്മയുടെ മുൻപിൽ വെച്ച്് തറയിലേക്ക് വലിച്ചിട്ട് മൂന്ന് പോലീസുകാർ ഇയാളുടെ ശരീരത്ത് കയറി ഇരുന്ന് മർദ്ദിക്കുകയായിരുന്നു.
മർദ്ദനം ചെറുക്കാൻ കിരൺ കുമാർ ശ്രമിക്കുന്തോറും പോലീസുകാർ കൂടുതൽ ബലം പ്രയോഗിക്കുന്നതും ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുന്നതും വീഡിയോയിൽ കാണാം. കൊല്ലല്ലേ സാറേ, എന്തുവാ സാറേ ഈ കാണിക്കുന്നത് എന്ന് നിലവിളിച്ച് അമ്മ പോലീസുകാരെ തടയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പോലീസുകാർ പിൻമാറുന്നില്ല. അമ്മയുടെ കാലിലും പോലീസുകാർ ബൂട്ടിട്ട് ചവിട്ടി. കാലിന് പൊട്ടൽ ഉണ്ട്.
ഞായറാഴ്ച രാവിലെ എൻഎസ്എസ് കരയോഗം മീറ്റിങ്ങിനിടെ കിരൺ കുമാറിന്റെ പിതാവുമായി ചിലർ തർക്കമുണ്ടായി. കരയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ ചിലർ പിടിച്ചുതളളിയെന്ന് വീട്ടുകാർ പറയുന്നു. എഴുപത് വയസുളള കിരണിന്റെ അച്ഛൻ ഹൃദ്രോഗി കൂടിയാണ്. നിലത്തുവീണ ഇയാളെ കൂടെയുണ്ടായിരുന്ന ഒരാൾ ആശുപത്രിയിലാക്കി. ഡോക്ടർ നിർദ്ദേശിച്ചത് അനുസരിച്ച് കൈയ്യിൽ പ്ലാസ്റ്റർ ഇട്ട് മടങ്ങുന്ന വഴി പിതാവ് സംഭവത്തെക്കുറിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. ഇതറിഞ്ഞ കരയോഗം ഭാരവാഹികളും പരാതിയുമായി സ്റ്റേഷനിലെത്തി.
കിരണിന്റെ പിതാവ് നൽകിയ പരാതി അവഗണിച്ച പോലീസ് കരയോഗം ഭാരവാഹികളുടെ പരാതിയിലാണ് വീട്ടിലെത്തിയത്. എത്തിയ ഉടൻ തന്നെ അവനെ വിളി എന്ന് പറഞ്ഞാണ് പോലീസുകാർ അകത്തേക്ക് കയറിയതെന്ന് കിരണിന്റെ ഭാര്യ പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് പോലീസുകാർ വീട്ടിലെത്തിയത്. രാവിലെ കൊടുത്ത പരാതിയുടെ തുടർ നടപടിക്കായി എത്തിയതാണെന്ന് ആയിരുന്നു വീട്ടുകാർ കരുതിയത്. എന്നാൽ അച്ഛൻ ഇറങ്ങി വന്നിട്ടും അവനെ ഇങ്ങ് വിളി എന്ന് പറഞ്ഞ് പോലീസ് കിരൺ കുമാറിനെ അന്വേഷിച്ചു. ഇറങ്ങി വന്നപ്പോൾ എന്തുവാടാ നീ നിന്റെ പവർ കാണിക്കുന്നത് എന്ന് പറഞ്ഞ് ഫോൺ തട്ടി തറയിലിട്ട് പൊട്ടിക്കുകയായിരുന്നു.
കാര്യം അറിയാതെ ഞാൻ ആരുടെയും കൂടെ വരില്ലെന്ന് പറഞ്ഞ് അകത്ത് സോഫയിൽ കയറി ഇരുന്നതോടെ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കൊണ്ടുപോകാൻ ശ്രമിച്ചു. തുടർന്നാണ് തർക്കവും ബലപ്രയോഗവും മർദ്ദനവും
ഉണ്ടായത്. മക്കളുടെ മുൻപിലിട്ടായിരുന്നു മർദ്ദനം. ഒടുവിൽ പോലീസ് ബെഡ്ഷീറ്റും തുണിയും ഉപയോഗിച്ച് കൈയ്യും കാലും കൂട്ടിക്കെട്ടിയാണ് കിരണിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.
നേരത്തെ കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവം ഉൾപ്പെടെ വലിയ വിവാദമായിരുന്നു. സൈനികനായ വിഷ്ണുവും സഹോദരൻ വിഘ്‌നേഷുമാണ് അന്ന് മർദ്ദനത്തിന് ഇരയായത്. അന്നും മാദ്ധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായിരുന്നു.
Discussion about this post