പ്രയാഗ് രാജ്: ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും കൊടുംക്രിമിനലുമായ ആതിഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫ് അഹമ്മദിനും വെടിയേറ്റത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ. രാത്രിയോടെ ആതിഖിനെയും സഹോദരനെയും മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പോലീസ് ജീപ്പിൽ കനത്ത സുരക്ഷയോടെയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ജീപ്പിൽ നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ വാർത്താചാനലുകൾ ഇരുവരുടെയും പ്രതികരണങ്ങൾ തേടി മൈക്ക് നീട്ടി. ഇവരോട് സംസാരിച്ചുകൊണ്ട് മുൻപോട്ട് നടക്കുന്നതിനിടെയാണ് വെടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. തലയ്ക്കാണ് വെടിയേറ്റത്. അതുകൊണ്ടു തന്നെ ഉടൻ മരണവും സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തു.
മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. ക്ലോസ് റേഞ്ചിൽ നിന്നാണ് ഇരുവർക്കും നേരെ വെടിയുതിർത്തതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൊലപാതകികൾ മാദ്ധ്യമപ്രവർത്തകർക്കൊപ്പം ആണോ ഉണ്ടായിരുന്നത് എന്നുൾപ്പെടെയുളള വിവരങ്ങൾ പുറത്തുവരുന്നതേയുളളൂ. കൊലപാതകികളെ ഇവർ എത്തിയ ബൈക്ക് സഹിതമാണ് പോലീസ് പിടികൂടിയത്. എസ്ആർഎൻ ആശുപത്രിയിലാണ് ആതിഖിനെയും സഹോദരനെയും പരിശോധനയ്ക്ക് എത്തിച്ചിരുന്നത്.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ക്രമസമാധാന പാലന ചുമതലയുളള സ്‌പെഷൽ ഡിജി പ്രശാന്ത് കുമാറിനെയാണ് വിളിച്ചുവരുത്തിയത്. യുപി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിനോട് സ്ഥലത്ത് എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post