ലക്‌നൗ: ഉത്തർപ്രദേശിൽ ബാബ ബിരിയാണി സ്ഥാപകൻ മുക്താർ ബാബയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഭരണകൂടം. കാൺപൂർ കലാപ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
വ്യാപാര സമുച്ഛയവും ദാറുൾ മൗല എന്ന പേരിലുള്ള അപ്പാർട്ട്‌മെന്റുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് രണ്ടിനുമായി ഏകദേശം 5 കോടി രൂപ മൂല്യം വരും. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരു കെട്ടിടങ്ങളിലും അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. 1960 ലെ എനിമി പ്രോപ്പർട്ടി ആക്ട് പ്രകാരമാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്.
ജില്ലാ മജിസ്‌ട്രേറ്റ് വിശാൽ ജി അയ്യറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സ്വത്തുക്കൾ കണ്ടുകെട്ടിയത്. നടപടികൾക്കിടെ മതമൗലികവാദികൾ സംഘർഷത്തിന് ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് വലിയ പോലീസ് സന്നാഹത്തോടെയായിരുന്നു നടപടികൾ.
ദാറുൾ മൗലയിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരോട് എല്ലാ മാസവും വാടക സർക്കാരിലേക്ക് അയക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂൺ മൂന്നിനായിരുന്നു കാൺപൂരിൽ മുക്താർ ബാബയുടെ നേതൃത്വത്തിൽ കലാപം ഉണ്ടായത്. ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ആയിരുന്നു കലാപത്തിന് ആധാരമായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെയും മുക്താർ ബാബയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.








