കോട്ടയം: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലില്‍ തന്റെ നിലപാട് തുറന്നുപറഞ്ഞ് സംവിധായകന്‍ ഭദ്രന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഇത്തരമൊരു ആരോപണത്തെ നേരിടുന്നത് ഒട്ടും ശരിയല്ല എന്നും രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിടണം എന്നും ഭദ്രന്‍ ആവശ്യപ്പെട്ടു.
വളരെ ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് കേട്ടത്. രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണം.അദ്ദേഹം കേവലം ഒരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല. ഇരിക്കുന്ന പദവിയുടെ ഗൗരവം മാനിക്കണം. രഞ്ജിത്തിനെ അനാവശ്യമായി മന്ത്രി സജി ചെറിയാന്‍ സംരക്ഷിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നും ഭദ്രന്‍ പറഞ്ഞു.
അതേസമയം സ്ത്രീകളുടെ കാര്യത്തില്‍ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണെന്ന് നടി ഉര്‍വശി ഇന്ന് പ്രതികരിച്ചിരുന്നു. തെന്നിമാറിയുള്ള മറുപടികള്‍ ശരിയല്ല. സിനിമയുടെ എല്ലാ മേഖലയിലുമുള്ള പുരുഷന്മാര്‍ക്ക് അപമാനകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ അമ്മ സംഘടന ശക്തമായ നടപടി സ്വീകരിക്കണം.
അന്യഭാഷയിലെ ഒരു നടിയാണ് പരാതി പറഞ്ഞിരിക്കുന്നത്. എല്ലാ ഭാഷയിലും അതിന്റെ ചലനങ്ങളുണ്ടാകും. സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടെന്നും അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതിലൊരു നടപടി തീര്‍ച്ചയായും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
Discussion about this post