വാഴയിലയില്‍ തന്നെ സദ്യയുണ്ടില്ലെങ്കില്‍ അത് ഓണസദ്യയാകില്ല. എന്നാല്‍ തൊടിയില്‍ നിന്ന് വാഴയില എടുക്കുന്നതൊക്കെ ചുരുക്കം പേരുടെ കാര്യത്തിലേ നടക്കൂ. എന്നാല്‍ വിപണിയിലോ പച്ചക്കറിയ്ക്കും പൂക്കള്‍ക്കുമെന്നത് പോലെ തീവിലയാണ് വാഴയിലയ്ക്കും. ഒരു ഇലയ്ക്ക് ഏഴു രൂപയാണ് വില. 200 ഇലയടങ്ങിയ ഒരു കെട്ടിന് 1400 രൂപ നല്‍കണം. ഒരു മാസം മുന്‍പ് വാഴയിലയുടെ വില നാലു രൂപയായിരുന്നു. എന്നാല്‍ തിരുവോണത്തിന് വില വീണ്ടും ഉയരുമെന്നും പത്ത് കടക്കുമെന്നുമാണ് കണക്കുക്കൂട്ടല്‍
മലയാളികള്‍ക്ക് ഓണമുണ്ണാന്‍ വാഴയിലകള്‍ വരുന്നതും തമിഴ്‌നാട്ടില്‍ നിന്ന്. പൂക്കളുടെയും പച്ചക്കറിയുടെയും കാര്യവും അങ്ങനെയാണല്ലോ. ഓണസദ്യകള്‍ മാത്രമല്ല ചിങ്ങമാസം പിറന്നാല്‍ ഗൃഗപ്രവേശവും കല്യാണവും ഒക്കെ വാഴയിലയുടെ വിപണി മൂല്യം വര്‍ധിപ്പിക്കുന്നു.
ഇതു കൂടാതെ ഹോട്ടലുകളില്‍ ഓണ സദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാഴയിലയില്‍ വേണമെന്നതു നിര്‍ബന്ധമാണ്. പാഴ്‌സല്‍ സദ്യ ഓര്‍ഡര്‍ ചെയ്യുന്നവരും വാഴയില ആവശ്യപ്പെടും. 50,000 മുതല്‍ ഒരുലക്ഷം വരെ വാഴയില ചിങ്ങത്തില്‍ അധികം വിറ്റുപോകുന്നുവെന്നതാണ് ഇപ്പോഴത്തെ കണക്ക്.
കേരളനാട്ടിലെ ചിങ്ങം മുന്നില്‍ക്കണ്ട് ഇലയ്ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ തമിഴ്നാട്ടിലുണ്ട്. തൂത്തുക്കുട്ടി, തിരുനെല്‍വേലി, കാവല്‍കിണര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്. ഞാലിപ്പൂവന്‍, കര്‍പ്പൂരവല്ലി എന്നിവയാണ് ഇലയ്ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നത്. എന്നാല്‍ ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലം ഇലകള്‍ കുറവാണ് എത്തുന്നത്.
കാലവര്‍ഷം ഏക്കറുകണക്കിനു വാഴത്തോട്ടങ്ങളില്‍ നാശം വിതച്ചതോടെ തമിഴ് നാട്ടില്‍നിന്നുള്ള വാഴയിലലഭിക്കുന്നത് കുറഞ്ഞിട്ടുണ്ട്. കേടായിപ്പോകും എന്നതിനാല്‍ മുന്‍കൂട്ടി ഇല സംഭരിച്ചു വയ്ക്കുന്നതിനും പരിമിതിയുണ്ട്. അതിനാല്‍ ഇനിയും ഓണമടുക്കുന്നതോടെ വാഴയിലയ്ക്ക് വില ഉയരാന്‍ സാധ്യതയുണ്ട്.
Discussion about this post