ഗുവാഹട്ടി: ശൈശവ വിവാഹം തടയാൻ അസം സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കംവച്ച് ബ്രിട്ടീഷ് മാദ്ധ്യമമായ ബിബിസി. തുടർച്ചയായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ബിബിസി തടസ്സപ്പെടുത്തുന്നത്. ഇതിനോടകം തന്നെ അഞ്ചോളം ലേഖനങ്ങൾ മാദ്ധ്യമം പ്രസിദ്ധീകരിച്ച് കഴിഞ്ഞു.
‘ശൈശവ വിവാഹത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ അറസ്റ്റിൽ” എന്ന തലക്കെട്ടോട് കൂടി പ്രസിദ്ധീകരിച്ച ലേഖനത്തിൽ അസമിലെ സ്ത്രീകൾ ശൈശവ വിവാഹത്തെ അനുകൂലിക്കുന്നു എന്ന തരത്തിലുള്ള കാര്യങ്ങളാണ് ബിബിസി ഉൾക്കൊള്ളിച്ചിരിക്കുന്നത്. പിതൃമേധാവിത്വ സമൂഹത്തിൽ ശൈശവ വിവാഹം അനിവാര്യമാണെന്നും ലേഖനത്തിൽ പറയുന്നു.
ശൈശവ വിവാഹത്തിന്റെ പേരിൽ യുവാക്കൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇവരുടെ ഭാര്യമാരായ പെൺകുട്ടികൾ ആരോരുമില്ലാത്തവരായി പോകുന്നുവെന്ന് മറ്റൊരു ലേഖനത്തിൽ ബിബിസി പറയുന്നു. ശൈശവ വിവാഹം തടയുന്നതിന് പിന്നിൽ മുസ്ലീങ്ങളോടുള്ള വിവേചനം ആണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
ശൈശവ വിവാഹം തടഞ്ഞുകൊണ്ടുള്ള സർക്കാർ നടപടി വിപരീത ഫലം ചെയ്യുമെന്നും ബിബിസി മുന്നറിയിപ്പ് നൽകുന്നുണ്ട്. ആരെയും അറിയിക്കാതെയുള്ള രഹസ്യവിവാഹങ്ങളിലേക്ക് സർക്കാർ നടപടികൾ നയിക്കും. ഇത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും ബിബിസി ലേഖനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ മാസം മുതലാണ് അസമിൽ ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരത്തോളം പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിന് പുറമേ നാലായിരത്തോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശൈശവ വിവാഹം തടയുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ബിബിസിയുടെ വ്യാജ പ്രചാരണം.
Discussion about this post