തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിക്കെതിരെ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നടിക്കെതിരായ ആക്രമണം കോടിയേരി പറഞ്ഞതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒറ്റപ്പെട്ടതെന്ന് പറയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് നാട്ടിലുള്ളതെന്നായിരുന്നു പന്ന്യന്റെ പ്രസ്താവന. സര്‍ക്കാര്‍ നിലപാടിനെതിരെ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയല്ലെന്നുള്ളതിന്റെ തെളിവാണ് കൊച്ചിയില്‍ നടിക്കു നേരെ ഉണ്ടായ ആക്രമണം എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ക്രിമിനലുകള്‍ സിനിമാ മേഖലയില്‍ എങ്ങനെ എത്തുന്നു എന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംഭവത്തില്‍ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ കൊച്ചിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീത്വത്തെ കീഴ്‌പ്പെടുത്തുന്നതല്ല പൗരുഷമെന്ന് യോഗത്തില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു. ഇന്നസെന്റ്, രഞ്ജിത്ത്, ദിലീപ്, മഞ്ജു വാര്യര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post