ചെന്നൈ: തമിഴ്നാട്ടില്‍ ശനിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി ഡിഎംകെ. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് നേടി രണ്ട് ദിവസം പിന്നിടുമ്പോളാണ് പുതിയ നീക്കവുമായി ഡിഎംകെ രംഗത്തെത്തുന്നത്. തിങ്കളാഴ്ച കോടതി ആരംഭിച്ചപ്പോള്‍ത്തന്നെ മുതിര്‍ന്ന അഭിഭാഷകനും ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗവുമായ ആര് ഷണ്മുഖസുന്ദരം ഇക്കാര്യം ഫസ്റ്റ് ബെഞ്ച് മുമ്പാകെ അവതരിപ്പിക്കുകയും അടിയന്തര പരിഗണനാനുമതി നേടുകയും ചെയ്തു.
തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് ആര്.മഹാദേവന് എന്നിവര്‍ ഷണ്മുഖസുന്ദരത്തോട് ഒരു പരാതി സമര്പ്പിക്കാനാവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
ശനിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നും പുതുതായി രഹസ്യ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടാന്‍ ഡിഎംകെ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഡിഎംകെ സമര്‍പ്പിച്ചതിന് സമാനമായ ഒരു പരാതി പനീര്‍സെല്‍വം പക്ഷത്തെ ഒരു എംഎല്‍എയും സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.
Discussion about this post