വര്‍ക്കല: വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ രാത്രിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ മദ്യപാനം. മദ്യപാനം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചെത്തിയ ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പിടികൂടി പൊലീസിന് കൈമാറി. ദേവസ്വം ബോര്‍ഡ് ജീവനക്കാരായ ശശിധരന്, രാജേഷ്, അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മദ്യസേവയില്‍ പങ്കെടുത്ത മറ്റ് മൂന്നുപേര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് സമീപത്തെ ആട്ടപ്പുരയിലാണ് വാച്ചറും വാദ്യമേളക്കാരും അടിച്ചുതളിക്കാരനുമുള്പ്പെട്ട സംഘം മദ്യപിച്ചത്. രാത്രി കാലങ്ങളില്‍ ക്ഷേത്രം കേന്ദ്രീകരിച്ച് മദ്യപാനം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചെത്തിയ ഭക്തജനങ്ങള്‍ ആട്ടപ്പുരയിലാണ് മദ്യപിച്ചുകൊണ്ടിരുന്ന ഇവരെ കണ്ടെത്തിയത്. 6 കുപ്പി ബിയറും ഇവര്‍ കുടിച്ച റമ്മിന്റെ കുപ്പിയും ഗ്ലാസുകളും സിഗററ്റും ഇതിനുള്ളില്‍ നിന്ന് കണ്ടെത്തി.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വര്‍ക്കല പൊലീസെത്തിയപ്പോഴേക്കും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. പിടിയിലായവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയശേഷം കേസെടുത്തു. അറസ്റ്റിലായ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
Discussion about this post