ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് സമൂഹത്തിന് ഭീഷണിയാണെന്ന് അംഗീകരിച്ച് പാക്കിസ്ഥാന് സര്‍ക്കാര്‍. ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് സയീദിനെ അറസ്റ്റു ചെയ്ത് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നും പാക്ക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കിയതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം സയീദിനെ പാക്കിസ്ഥാന് ഭീകരവിരുദ്ധ ചട്ടത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാക്ക് സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണച്ചും അഭിനന്ദിച്ചും ഇന്ത്യ രംഗത്തെത്തുകയും ചെയ്തു.
മേഖലയില്‍നിന്നും ഭീകരവാദവും അക്രമവും അമര്‍ച്ച ചെയ്യുന്നതിനുള്ള നീക്കമെന്നാണ് ഇക്കാര്യത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പാക്ക് നടപടിയെ വിശേഷിപ്പിച്ചത്.
സയീദിനു പുറമെ അബ്ദുല്ല ഉബൈദ്, സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന് ആബിദ് എന്നീ ഭീകരരെയും പാക്ക് സര്‍ക്കാര്‍ ആന്റി ടെററിസം ആക്ടിന്റെ (എടിഎ) പരിധിയില്‍ കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് ഇതുവരെ സംരക്ഷണമൊരുക്കിയ പാക്ക് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരിക്കുന്നത്.
നേരത്തെ, ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലഹോര്‍ പൊലീസ് ചൗബുര്‍ജിയിലെ ജമാഅത്തുദ്ദഅ്വ ആസ്ഥാനം വളഞ്ഞ് ഹാഫിസ് സയീദിനെയും സംഘത്തെയും അറസ്റ്റു ചെയ്തു വീട്ടുതടങ്കലിലാക്കുകയായിരുന്നു.
Discussion about this post