തിരുവനന്തപുരം: സര്‍ക്കാരിന്റെ ഏഴ് വകുപ്പുകളില്‍ മാത്രം കെട്ടിക്കിടക്കുന്നത് 41,023 ഫയലുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016 മേയ് മാസം മുതല്‍ ജനുവരി അവസാനം വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 1,24,998 ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിച്ചതായും നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഏഴു വകുപ്പുകളില്‍ ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതു ധനവകുപ്പിലാണ്, 13,543 എണ്ണം. ആഭ്യന്തര വകുപ്പില്‍ 5695, ജലവിഭവ വകുപ്പില്‍ 3945, റവന്യൂ വകുപ്പില്‍ 10415, കൃഷി വകുപ്പില്‍ 3675, സഹകരണ വകുപ്പില്‍ 2514, വൈദ്യുതി 1236 എന്നിങ്ങനെയാണു തീര്‍പ്പാക്കാനുള്ള ഫയലുകളുടെ എണ്ണം. തീര്‍പ്പാക്കാനുള്ള ഫയലുകളുടെ എണ്ണത്തില്‍ വര്ധനവില്ലെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കലും തമ്മിലുള്ള അനുപാതം പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് അനുസരിച്ചു വര്‍ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള നോര്‍ക്ക വകുപ്പാണു സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നിലെന്നു പൊതുഭരണവകുപ്പ് കഴിഞ്ഞയാഴ്ച നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജനുവരി മാസത്തില്‍ നോര്‍ക്ക വകുപ്പിലെത്തിയ 1800 ഫയലുകളില്‍ നോര്‍ക്ക തീര്‍പ്പാക്കിയത് 70 എണ്ണം മാത്രമായിരുന്നു. റവന്യൂ, ധനകാര്യം, ഫിഷറീസ്, സാംസ്കാരികം, വനം, പാര്‍ലമെന്ററികാര്യം, നികുതി വകുപ്പുകളും ഫയല്‍നീക്കത്തില്‍ പിന്നിലാണെന്നായിരുന്നു പൊതുഭരണവകുപ്പിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് നിലവിലുള്ളപ്പോഴാണു തീര്‍പ്പാക്കാനുള്ള ഫയലുകളുടെ എണ്ണത്തില്‍ വര്ധവില്ലെന്നു സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരിക്കുന്നത്.
Discussion about this post