കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഒഡീഷയില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന കേസ് മുക്കാന്‍ ശ്രമം. ആറു പെണ്‍കുട്ടികളെ 5000 രൂപയ്ക്ക് വാങ്ങി കൊണ്ടു വന്നത് കോതമംഗലം നെല്ലിക്കുഴി വിമലഗിരി കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ അടക്കമുള്ള കന്യാസ്ത്രീകളാണ്. സംഭവുമായി ബന്ധപ്പെട്ട് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസ്സി, സിസ്റ്റര്‍മാരായ സരിത, പ്രഭാതി എന്നിവര്‍ക്കെതിരെ കോതമംഗലം പോലീസ് 26/2017 എന്ന നമ്പറായി എടുത്ത കേസിലാണ് അന്വേഷണം എവിടെയും എത്താതെ നില്‍ക്കുന്നത്.
ഒരു മാസം മുമ്പാണ് വീട്ടിലെ കടുത്ത ദാരിദ്ര്യം മുതലെടുത്ത്, മഠത്തിന്റെ ഒഡീഷയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം വഴി കുട്ടികളെ ആലുവയില്‍ എത്തിച്ചത്. അവിടുത്തെ കന്യാസ്ത്രീയാണ് കുട്ടികളെ വിലയ്ക്ക് വാങ്ങിയത്. മഠത്തിലെ ജോലി ചെയ്യാന്‍ ഒരു കുട്ടിക്ക് 5000 രൂപ വെച്ചാണ് നല്‍കിയതെന്ന് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പറഞ്ഞ പണം മുഴുവന്‍ നല്‍കിയില്ല. വിമലഗിരി കോണ്‍വെന്റിലെ കന്യാസ്ത്രീ കുട്ടികളെ ട്രെയിനില്‍ കൊണ്ടു വന്നു. ആലുവയില്‍ വെച്ച് കോണ്‍വെന്റില്‍ നിന്ന് മറ്റൊരു കന്യാസ്ത്രീ കൂടി ചേര്‍ന്നാണ് കുട്ടികളെ മഠത്തില്‍ എത്തിച്ചത്.
അതേസമയം വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ജുവനൈല്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. ഇവരെ ഒഡീഷയിലേക്ക് തിരിച്ചയച്ചു. എന്നാല്‍ മറ്റു നാലുപേര്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ച മട്ടാണ്. എല്ലാ കുട്ടികളെയും ഒരുമിച്ചാണ് എത്തിച്ചതെന്നാണ് കുട്ടികള്‍ ശിശുക്ഷേമ സമിതിയോട് വ്യക്തമാക്കി. പെണ്‍കുട്ടികളെ ലൈംഗീകചൂഷണത്തിന് വിധേയമാക്കിയോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തുടക്കം മുതലേ സംഭവം പുറംലോകം അറിയാതെ പോലീസ് മൂടി വെക്കുകയായിരുന്നു.
Discussion about this post